തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്‌പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും. സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ 2019ൽ സസ്‌പെൻഡ് ചെയ്തത്.

2021 ജൂലൈ 15ന് ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അവസാനിച്ചിരുന്നെങ്കിലും സസ്‌പെൻഷൻ 6 മാസത്തേക്കു നീട്ടുകയായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിമനമടക്കമുള്ള കാര്യങ്ങളിൽ ശിവശങ്കർ വഴിവിട്ട് ഇടപെട്ടതായി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ ഇടപെടലുകൾ സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് സസ് പെൻഷൻ നടപടി ഉണ്ടായത്.

2020 ജൂലൈ 16ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. കേസിൽ പ്രതിയായതിനെ തുടർന്നാണ് സസ്‌പെഷൻ ആറു മാസത്തേക്ക് കൂടി നീട്ടിയത്. അതാണ് ഇപ്പോൾ അവസാനിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ട ശിവശങ്കർ റിമാൻഡിലായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കു സസ്‌പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെൻഡ് ചെയ്തത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാർശയെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്. ഒരു വർഷവും അഞ്ച് മാസവും നീണ്ട സസ്പെൻഷൻ കാലത്തിന് ശേഷമാണ് ശിവശങ്കർ തിരിച്ച് സർവീസിലേക്ക് പ്രവേശിക്കുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തത്.

കേസിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസിൽ നിന്ന് തേടിയിരുന്നു. ഡിസംബർ 30-നകം വിശദാംശങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.