മുംബൈ: മുംബൈയിൽ നടക്കുന്ന ടാറ്റ സാഹിത്യോത്സവത്തിൽ ആജീവനാന്ത സാഹിത്യസംഭാവനയ്ക്കുള്ള ടാറ്റ ലാൻഡ്മാർക്ക് പുരസ്‌കാരം മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ എം ടി. വാസുദേവൻ നായർ ഏറ്റുവാങ്ങി. മുംബൈ എൻ.സിപിഎ.യിലെ എക്‌സിപിരിമെന്റ് തിയേറ്ററിൽ നടന്ന ചടങ്ങിൽ ടാറ്റാ സാഹിത്യോത്സവ ഡയറക്ടർ അനിൽ ദാർക്കർ, മുകുൾ രാജൻ എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.
മലയാളഭാഷ സംസാരിക്കുന്ന മുപ്പത്തിനാല് ദശലക്ഷം മലയാളികൾക്ക് വേണ്ടിയാണ് ഈ അവാർഡ് ഏറ്റുവാങ്ങുന്നതെന്ന് മറുപടി പ്രസംഗത്തിൽ എം ടി. വാസുദേവൻനായർ പറഞ്ഞു.

സാഹിത്യത്തിൽ നൽകിയ ആജീവനാന്ത സംഭാവനകളെ പരിഗണിച്ചാണ് എം ടി.യെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. പ്രശസ്തി പത്രവും ചടങ്ങിൽ സമ്മാനിച്ചു. പോയട്രി ലോറിയേറ്റ് പുരസ്‌കാരം ജോയ് ഗോസ്വാമിയും ഇംഗ്ലീഷിൽ വിവിധ വിഷയങ്ങളിൽ ഇറങ്ങിയ പുസ്തങ്ങൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിലും എം ടി. സംബന്ധിച്ചു.