ലണ്ടൻ: കേരളത്തിന് സുപരിചിതമായ വഴിതടയൽ സമരം ബ്രിട്ടനിൽ അരങ്ങേറിയപ്പോൾ സമരക്കാർക്കെതിരെ കർശന നടപടികളെടുക്കുകയാണ് സർക്കാർ. എം 25 മോട്ടോർ വേയി ഗതാഗത തടസ്സം സൃഷ്ടിച്ച ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർക്ക് നേരെ വാഹനമോടിക്കുന്നവരുടെ ജീവൻ അപകടപ്പെടുത്തിയതിനാണ് കേസെടുക്കുക. ഇതിനുള്ള നിർദ്ദേശം പ്രീതി പട്ടേലും ഗ്രാൻ ഷാപ്സും നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള ബുദ്ധിയില്ലാത്ത പ്രവർത്തനങ്ങൾ ആയിരക്കണക്കിന് യാത്രക്കാരുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് പൊലീസ് മേധാവി പറഞ്ഞു.

പ്രതിഷേധക്കാരുടെ ധാർഷ്ട്യ പ്രകടനത്തിനെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സും വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരെ ഇൻജക്ഷൻ ഓർഡർ തേടി നാഷണൽ ഹൈവേസ് ഇന്ന് ഹൈക്കൊടതിയെ സമീപിക്കും. ഇത് ലഭിച്ചാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാൻ സാധിക്കും എന്നുമാത്രമല്ല, കോടതിയലഖ്യ കുറ്റത്തിൽന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായും വരും. റോഡ് ഉപയോഗിക്കുന്നവരുടെ ജീവന് ഭീഷണി നേരിട്ടു എന്നതായിരിക്കും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രധാന കാരണമായി എടുത്തുകാണിക്കുക.

ഒരു ചെറിയ ന്യുനപക്ഷം, നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഭൂരിപക്ഷം പേരുടെ ജീവന് ഭീഷണിയാകുന്നത് അനുവദിക്കാൻ ആവില്ലെന്ന് പ്രീതി പട്ടേലുംഗ്രാന്റ് ഷാപ്സും പറഞ്ഞു. നാഷണൽ ഹൈവേസിന്റെ കോടതിയെ സമീപിക്കുവാനുള്ള തീരുമാനത്തിൽ ഇരുവരും പിന്തുണ പ്രഖ്യാപിച്ചു. ഇൻജക്ഷൻ നേടിയതിനു ശേഷം അറസ്റ്റ് ചെയ്താൽ പിന്നെ ജാമ്യത്തിൽ ഇറങ്ങിവന്ന് പ്രതിഷേധം തുടരാൻ കഴിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇന്നലെ രാവിലെ 8 മണിക്ക് മുൻപായിട്ടായിരുന്നു സറേയിലെ കോബ്ഹാമിനു സമീപം എം 25 ൽ പ്രതിഷേധക്കാർ നിരന്നത്. കഴിഞ്ഞ പത്തു ദിവസങ്ങളായി ഈ പ്രതിഷേധം തുടരുകയാണ്. ഇവരിൽ പലരും നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടവരാണെങ്കിലും ജാമ്യത്തിൽ ഇറങ്ങി പ്രതിഷേധം തുടരുകയാണ്. വീടുകളുടെ ഇൻസുലേഷൻ മെച്ചപ്പെടുത്തി ഇന്ധനോപഭോഗം കുറയ്ക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ഗ്യാസ് വില ഉയർന്നതോടെ പ്രതിഷേധത്തിന് ശക്തി വർദ്ധിക്കുകയായിരുന്നു. ഇൻസുലേറ്റ് ബ്രിട്ടൻ എന്ന ബാനറിനു കീഴിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ 38 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്.

ഹൈവേയിൽ വാഹനമോടിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന ആരോപണം പക്ഷെ സമരക്കാർ നിഷേധിക്കുകയാണ്. ഒരു പൊതുലക്ഷ്യത്തിനു വേണ്ടി സമരം ചെയ്യുന്ന തങ്ങൾ സ്വന്തം ജീവനാണ് അപകടത്തിലാക്കുന്നതെന്നും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്നില്ലെന്നും ഇവർ പറയുന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി തുടരുന്ന ഈ പ്രതിഷേധത്തിൽ പങ്കെടുത്ത് ചിലരൊക്കെ അഞ്ചും ആറും തവണ വരെ അറസ്റ്റ് വരിക്കുകയുണ്ടായിട്ടുണ്ട്.