കോയമ്പത്തൂർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. ബുധനാഴ്ച തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്.

രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ റാവത്തിന്റെ നല്ല പാതിയായിരുന്നു ഡോക്ടർ മധുലിക റാവത്ത് . സമൂഹ സേവനത്തിനായി മാറ്റി വച്ച ജീവിതം . കരസേനയിൽ സേവനം അനുഷ്ഠിക്കുന്നവരുടെ ഭാര്യമാർക്ക് എന്നും താങ്ങായി ബിപിൻ റാവത്തിന്റെ സ്വന്തം മധുലിക ഉണ്ടായിരുന്നു



ആർമി വൈഫ്‌സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവർത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒകളിൽ ഒന്നാണ് ഇത്.

വീര മൃത്യൂ വരിച്ച സൈനികരുടെ വിധവകളെ ശാക്തീകരിക്കുന്നതിനായി വിവിധ സന്നദ്ധ പരിപാടികളും മധുലികയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു . ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാമ്പെയ്നുകളുടെയും ഭാഗമായിരുന്നു മധുലിക റാവത്ത്.



സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിലുംസ്വയം തൊഴിലുകൾക്കായി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അവർ നിറഞ്ഞു നിന്നു. അംഗങ്ങളുടെ ആരോഗ്യവും ക്ഷേമവും മധുലിക ശ്രദ്ധാപൂർവം നോക്കി.

കരസേന ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനായി ബ്യൂട്ടീഷ്യൻ കോഴ്സുകൾക്കൊപ്പം ടെയ്ലറിങ്, നെയ്റ്റിങ്, ബാഗ് നിർമ്മാണം എന്നീ കോഴ്സുകളിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു . അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിന് 'കേക്കുകളും ചോക്ലേറ്റുകളും' നിർമ്മിക്കുന്നതിലും മധുലിക റാവത്ത് സഹായിച്ചു .

മധുലിക റാവത്ത് ഡൽഹിയിലാണ് പഠനം നടത്തിയത് . ഡൽഹി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. എ ഡബ്യൂ ഡബ്യൂ എ കൂടാതെ, അവർ പല തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളും തുടരുന്നു . പ്രത്യേകിച്ച് കാൻസർ ബാധിതർക്കായി ഒട്ടേറെ പ്രവർത്തനങ്ങളും അവർ നടത്തിയിരുന്നു .

രണ്ട് പെണ്മക്കളാണ് ബിപിൻ റാവത്ത്- മധുലിക ദമ്പതികൾക്കുള്ളത് . ബിപിൻ റാവത്തിന്റെ പിതാവ് ലക്ഷ്മൺ സിങ് റാവത്ത് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് ഉയരുകയും ചെയ്തയാളാണ് . അദ്ദേഹത്തിന്റെ അമ്മ ഉത്തരകാശിയിൽ നിന്നുള്ള മുൻ നിയമസഭാംഗം കിഷൻ സിങ് പർമറിന്റെ മകളായിരുന്നു.