ഭോപ്പാൽ: ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാൻ നിയമം നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ഓൺലൈൻ ഗെയിമിന് അടിമയായ പതിനൊന്ന് വയസ്സുകാരൻ കഴിഞ്ഞദിവസം ഭോപ്പാലിലെ ബജാരിയ പ്രദേശത്ത് ജീവനൊടുക്കിയിരുന്നു.

ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടാണ് കുട്ടി ജീവനൊടുക്കിയതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരും. നിയമത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്നും ഉടൻ അന്തിമരൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചക്കാണ് അവധ്പുരി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യൻശ് ഓജയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ഫയർ ഫാൾ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് പിതാവ് യോഗേശ് ഓജ വെളിപ്പെടുത്തി. അപകട മരണത്തിന് കേസെടുത്തെങ്കിലും പൊലീസിന് അത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുക്കാനായിട്ടില്ല.