ഭോപ്പാൽ: മധ്യപ്രദേശിൽ നീട്ടി വളർത്തിയ മീശ വെട്ടി ഒതുക്കാനുള്ള നിർദ്ദേശം പാലിക്കാതിരുന്നതിന് പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. പൊലീസ് ഡ്രൈവറായ രാകേഷ് റാണയ്ക്കെതിരെയാണ് മീശ വളർത്തിയതിന് നടപടി സ്വീകരിച്ചത്.

മധ്യപ്രദേശ് പൊലീസിലെ ട്രാൻസ്പോർട്ട് വിംഗിലെ ജീവനക്കാരനാണ് രാകേഷ് റാണ.മറ്റു ജീവനക്കാർക്ക് കാണുമ്പോൾ അരോചകം തോന്നുന്നു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലാണ് റാണയ്ക്കെതിരെ നടപടിയെടുത്തത്. മീശ ശരിയായ രീതിയിൽ വെട്ടി ഒതുക്കിയില്ല എന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. അതേസമയം ഇത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മീശ വെട്ടി ഒതുക്കാൻ റാണ തയ്യാറാവാതിരുന്നത്.

'രജ്പുത് ആയ ഞാൻ മീശയെ അഭിമാനമായാണ് കാണുന്നത്. അതിനാൽ ഷേവ് ചെയ്ത് കളയില്ല. ഇതുവരെയുള്ള സർവീസ് കാലയളവിൽ ആദ്യമായാണ് മീശ വെട്ടി ഒതുക്കാൻ നിർദേശിച്ചത് - രാകേഷ് റാണയുടെ വാക്കുകൾ ഇങ്ങനെ.