ചെന്നൈ: കോവിഡ് മുൻനിർത്തി ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ കിറ്റിന്റെ വിൽപ്പന വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കമ്പനി വൻ ലാഭമുണ്ടാക്കിയ മരുന്ന് കിറ്റ് വൈകാതെ വിവാദമാകുകയും ചെയ്തു. ഇതിന് പിന്നാലെ, കൊറോണിൽ ട്രേഡ് മാർക്ക് വിവാദം കോടതി കയറുകയും ചെയ്തു. ഇപ്പോഴിതാ, പതഞ്ജലി ആയുർവേദ കമ്പനിയെ കൊറോണിൽ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി സിങ്കിൾ ബെഞ്ച് വിധി തള്ളിയിരിക്കുകയാണ് ഡിവിഷൻ ബെഞ്ച്.

ചെന്നെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന അരുദ്ര എഞ്ചിനീയറിങ് എന്ന കമ്പനി കൊറോണിൽ എന്ന പേരിൽ അവകാശ വാദവുമായി വന്നതോടെയാണ് വിഷയം ചർച്ചയായത്. തങ്ങൾ രജിസ്റ്റർ ചെയ്ത കൊറോണിൽ- 92 ബി, കൊറോണിൽ- 213 എസ്‌പി.എൽ എന്നീ വ്യവസായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഉത്പന്നങ്ങൾക്ക് മേലെയുള്ള അവകാശത്തിൽ പതഞ്ജലി കൈകടത്തിയെന്ന് അരുദ്ര ആരോപിച്ചു. തുടക്കത്തിൽ സിംഗിൾ ബെഞ്ച് ജഡ്ജ് അരുദ്രക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും, ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ ആർ സുബ്ബിയയും, സി ശരവണനും ‘കൊറോണിൽ' എന്ന വാക്കിനു മേൽ മാത്രമായി അവർക്ക് അവകാശമില്ലെന്ന് വിധിക്കുകയായിരുന്നു.

കൊറോണിൽ 92 ബി, 213 എസ്‌പി.എൽ എന്നീ പേരുകളിലാണ് അരുദ്രയുടെ ട്രേഡ് മാർക്ക് രജിസ്ട്രേഷ9 എന്നതു കൊണ്ട് കൊറോണിൽ എന്ന പേരിൽ ആർക്കും കുത്തകാവകാശം ഉന്നയിക്കാൻ അവകാശമില്ലെന്നാണ് കോടതി പറയുന്നത്. രജിസ്റ്റർ ചെയ്ത ഏതെങ്കിലും ട്രേഡ്മാർക്കിന്റെ നിശ്ചിത ഭാഗങ്ങളിലും ആധികാരികത നൽകാനാവില്ലെന്ന് ഡിവിഷ9 ബെഞ്ച് അഭിപ്രായപ്പെട്ടു.

കൂടാതെ, അരുദ്ര ഒരിക്കലും കൊറോണിൽ എന്ന ട്രേഡ്മാർക്കിന് വേണ്ടി രജിസ്റ്റർ ചെയ്യുകയോ അപേക്ഷിച്ചിട്ടോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രഥമ ദൃഷ്ട്യാ, കൊറോണിൽ എന്ന വാക്ക് കണ്ടെത്തിയത് അരുദ്രയാണെന്ന് കോടതി പ്രസ്താവിച്ചു. അതേസമയം, അരുദ്ര കൊറോണിൽ എന്ന ട്രേഡ്മാർക്ക് തന്നെയോ, അല്ലെങ്കിൽ സമാന ഉച്ചാരണം ഉള്ള ഒരു വാക്ക് ട്രേഡ്മാർക്കായി രെജിസ്റ്റർ ചെയ്തിരുന്നെങ്കിൽ വിധി മറ്റൊന്നായേക്കുമായിരുന്നു.

ഹരിദ്വാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പതഞ്ജലി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഉത്പന്നം കോവിഡിനെതിരെ പ്രതിരോധ ശേഷി ഉയർത്തുന്ന ഉത്പന്നമായും മാർക്കറ്റ് ചെയ്തിരുന്നത്. രണ്ടു പാക്കറ്റ് മരുന്ന്, അണുതൈലം എന്നിവ ഉൾപ്പെടെ മൂന്ന് ഉത്പന്നങ്ങളാണ് കിറ്റിൽ ഉള്ളത്. ഇതെല്ലാം ഉൾപ്പെടുന്ന കിറ്റിന് 545 രൂപയാണ് വില. ഓരോ ഘടകങ്ങളും പ്രത്യേകമായും വിൽക്കുന്നുണ്ട്. ജൂൺ 23നാണ് കൊറോണിൽ മരുന്ന് പതഞ്ജലി വിപണിയിൽ അവതരിപ്പിച്ചത്. മതിയായ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇല്ലാതെയായിരുന്നു ഇതെങ്കിലും ആളുകൾ കൊറോണിൽ വാങ്ങുകയായിരുന്നു. പനി, ചുമ എന്നിവയ്ക്കുള്ള മരുന്നായും പ്രതിരോധ ശേഷി കൂട്ടുന്നതിന് ഉത്തമമാണ് എന്ന രീതിയിലും ആയിരുന്നു വിൽപ്പന.

മരുന്ന് പുറത്തിറക്കി ഏതാനും നാളുകൾക്കുള്ളിൽ തന്നെ കൊവിഡിനുള്ള മരുന്ന് എന്ന രീതിയിൽ വിൽപ്പന നടത്തുന്നത് തടഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവ് ഇട്ടിരുന്നു. എന്നാൽ പനിക്കുള്ള മരുന്ന് എന്ന രീതിയിലെ വിൽപ്പന തടഞ്ഞിരുന്നില്ല.