ചെന്നൈ: മദ്രാസ് ഐഐടിയിൽ 18 വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടിയിൽ ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 30 ആയി.

ഹോസ്റ്റലിലാണ് കോവിഡ് പടരുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്റ്റലിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിച്ചു. ഐഐടി ഭരണസമിതിയും ആരോഗ്യവകുപ്പും ചേർന്നാണ് അണുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അതിനിടെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.രാജ്യത്ത് ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നുവരികയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചിരുന്നു. കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ അടുത്തിടെ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയിരുന്നു.തമിഴ്‌നാട്ടിൽ വ്യാഴാഴ്ച 39 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുൻപത്തെ ദിവസം ഇത് 31 ആയിരുന്നു.