മുംബൈ : കോവിഡ് വാക്‌സിനേഷന്റെ യഥാർത്ഥ ഗുണഭോക്താവ് പ്രമുഖ വ്യവസായിയും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവിയുമായ അദാർ പൂനാവാല തന്നെ. വാക്‌സിനിലൂടെ സിറത്തിന് കിട്ടിയ ലാഭം സമർത്ഥമായി നിക്ഷേപിച്ച് ശതകോടികളുടെ നേട്ടമുണ്ടാക്കുകയാണ് പൂനാവാല.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന-ഭവന വായ്പാകമ്പനിയായ മാഗ്മ ഫിൻകോർപ്പിനെ അദാർ പൂനാവാല ഏറ്റെടുത്തിരുന്നു. പൂനാവാലയുടെ നേതൃത്വത്തിലുള്ള റൈസിങ് സൺ ഹോൾഡിങ്‌സ് മുൻഗണനാ ഓഹരി ഇടപാടിലൂടെ 3,210 കോടി ചെലവിൽ മാഗ്മയുടെ 60 ശതമാനം ഓഹരികളാണ് ഏറ്റെടുത്തത്. അധികം താമസിയാതെ മാഗ്മ ഫിൻകോർപ്പ് പൂനാവാല ഫിൻകോർപ്പ് ആയി മാറും. ഈ കച്ചവടം ഓഹരിവിപിണയിലും മാഗ്മയുടെ മൂല്യം ഉയർത്തുകയാണ്.

മാഗ്മ ഫിൻകോർപ്പിന് 12000 കോടിയുടെ വിപണി മൂല്യമാണ് ഇപ്പോഴുള്ളത്. ഇത് ഏതാനും മാസം മുമ്പ് 10000 കോടിയായിരുന്നു. അതായത് മൂന്ന് മാസം കൊണ്ട് ഇരുപത് ശതമാനത്തോളം വളർച്ചയുണ്ടായി. ഓഹരിക്ക് 70 രൂപയായിരുന്നപ്പോഴാണ് ഏറ്റെടുക്കൽ നടന്നത്. ഇന്നത് 164 രൂപയോളമായി. അതായത് ഏതാണ്ട് ഇരട്ടിയോളം അധികം വളർച്ച അദാർ പൂനാവലയുടെ ഓഹരി വിഹിതത്തിൽ ഉണ്ടായി. കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും പ്രധാന വ്യവസായകളിലെ ആദ്യ പേരുകാരിൽ ഒരാളായി പൂനാവാല മാറുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ലോകത്തിലെ ഏറ്റവുംവലിയ വാക്‌സിൻ നിർമ്മാണ കമ്പനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അസ്ട്ര സെനെക എന്ന കമ്പനിയുമായി ചേർന്ന് കോവിഡ് വാക്‌സിനും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ പൂനാവാല ഫിനാൻസിന് കരുത്തു പകരുന്നതിനായിരുന്നു മാഗ്മയുടെ ഏറ്റെടുക്കൽ. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ മാഗ്മ ഫിൻകോർപ്പിന്റെ പേര് 'പൂനാവാല ഫിനാൻസ്' എന്നു മാറ്റുമെന്നും അറിയിച്ചിരുന്നു.

നിലവിലുള്ള പൂനാവാല ഫിനാൻസ് മാഗ്മ ഫിൻകോർപ്പിൽ ലയിപ്പിക്കും. ഇടപാടിന്റെ ഭാഗമായി മാഗ്മയുടെ ഭവനവായ്പാ, ഇൻഷുൻസ് വ്യവസായങ്ങളും പൂനവാലയ്ക്ക് സ്വന്തമായി. സഞ്ജയ് ചമ്രിയ, മയാങ്ക് പൊദ്ദാർ എന്നിവർ ചേർന്നാണ് മാഗ്മ ഫിൻകോർപ്പിനു തുടക്കമിട്ടത്. ഏറ്റെടുക്കലിനുമുമ്പ് ഇവർക്ക് കമ്പനിയിൽ 24.5 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. ഇരുവരും പുതിയ മൂലധനമായി 250 കോടിരൂപ നിക്ഷേപിച്ചിട്ടുണ്ട്.

ഇതടക്കം ആകെ 3456 കോടിരൂപയുടെ മുൻഗണനാ ഓഹരികളാണ് മാഗ്മ ഫിൻകോർപ്പ് അലോട്ട് ചെയ്തത്. ഇടപാട് പൂർത്തിയായതോടെ പഴയ ഉടമകളുടെ ഓഹരി പങ്കാളിത്തം 13.3 ശതമാനമായി ചുരുങ്ങി. അദാർ പൂനാവാല പുതിയ കമ്പനിയുടെ ചെയർമാനുമായി. കഴിഞ്ഞ വർഷംനിക്ഷേപകർക്ക് വമ്പൻ ആദായം സമ്മാനിച്ച കമ്പനികളിൽ ഒന്നായിരുന്നു മാഗ്മ ഫിൻകോർപ്പ് ലിമിറ്റഡ്.

12 മാസം കൊണ്ട് 500 ശതമാനത്തിലേറെ നേട്ടം നിക്ഷേപകർക്ക് കമ്പനി തിരിച്ചുനൽകി. കഴിഞ്ഞവർഷം ജൂലായിൽ 25.05 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതാണ് ഇന്ന് 165 രൂപയിൽ എത്തി നിൽക്കുന്നത്. ജനുവരി ഒന്നിന് 40.95 രൂപയിലാണ് മാഗ്മ ഫിൻകോർപ്പ് ഇടപാടുകൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ ഒരു വർഷത്തെ ചിത്രം പരിശോധിച്ചാൽ എതിരാളികളായ ബജാജ് ഫിനാൻസിനെയും ശ്രീറാം ട്രാൻസ്പോർട്ടിനെയും മാഗ്മ ഫിൻകോർപ്പ് ലിമിറ്റഡ് മറികടന്നത് കാണാം. സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല വൻനിക്ഷേപം നടത്തിയതിനെ തുടർന്നാണ് മാഗ്മ ഫിൻകോർപ്പ് ലിമിറ്റഡ് വിപണിയിൽ കുതിപ്പ് ആരംഭിച്ചത്. 70 രൂപ വിലയിൽ മാഗ്മ ഫിൻകോർപ്പിന്റെ 45.80 കോടി ഓഹരികളാണ് അദാർ പൂനാവാലയുടെ കമ്പനി ഏറ്റെടുത്തത്.