ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ തട്ടിപ്പ് കേസിൽ മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി ആഷിഷ് ലതാ റാംഗോബിന്(56) ജയിൽ ശിക്ഷ. 60 ലക്ഷം റാൻഡ്(3.22കോടി രൂപ) തട്ടിപ്പ് നടത്തിയ കേസിൽ ഡർബൻ കോടതിയാണ് ഇവർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്. എസ് ആർ മഹാരാജ് എന്ന വ്യവസായിയാണ് പരാതിക്കാരൻ.

ഇറക്കുമതി തീരുവ നൽകാനും മറ്റ് ചെലവുകൾക്കുമായി വ്യാജ രേഖ നൽകി പണം തട്ടിയെന്നാണ് പരാതി. വാർത്താഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇളാ ഗാന്ധിയുടെയും മേവാ റാംഗോബിന്ദിന്റെയും മകളാണ് ആഷിഷ് ലത റാംഗോബിൻ. 50000 റാൻഡ് കോടതിയിൽ കെട്ടിവെച്ച് ലത റാംഗോബിൻ ജാമ്യത്തിൽ പുറത്തിറങ്ങി.

മൂന്ന് ലിനൻ കണ്ടെയിന്മെന്റുകൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നുണ്ടെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിന് ഇവർ വ്യാജ ഇൻവോയ്സുകളും രേഖകളും നൽകിയെന്നും പ്രൊസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

2015ലാണ് ലത റാംഗോബിൻ എസ്ആർ മഹാരാജിനെ പരിചയപ്പെടുന്നത്. വസ്ത്രം, ചെരുപ്പ്. ലിനൻ വ്യാപാരം നടത്തുന്ന ന്യൂ ആഫ്രിക്ക അലയൻസിന്റെ ഡയറക്ടറാണ് മഹാരാജ്. ഇന്ത്യയിൽ നിന്ന് ചരക്കുകൾ താനും ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവരാറുണ്ടെന്നും ഇറക്കുമതി കസ്റ്റംസ് നികുതി നൽകാനും ഇറക്കുമതി ചെലവിനുമായി പണം ആവശ്യമുണ്ടെന്നും മഹാരാജിനോട് ആവശ്യപ്പെടുകയായിരുന്നു.

62 ലക്ഷം സാൻഡാണ് ആവശ്യപ്പെട്ടത്. മഹാരാജിനെ വിശ്വസിപ്പിക്കുന്നതിനായി ചരക്കുകളുടെ ഇൻവോയിസും മറ്റും കാണിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ പണം നൽകി. എന്നാൽ പരിശോധനയിൽ ലത രാംഗോബിൻ നൽകിയ രേഖകൾ വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്നാണ് പരാതി നൽകിയത്.

ഇന്റർനാഷണൽ സെന്റർ ഫോർ നോൺ വയലൻസ് എന്ന എൻജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലത റാംഗോബിൻ. പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ ആക്ടിവിസ്റ്റ് എന്നാണ് ഇവർ സ്വയം പരിചയപ്പെടുത്താറ്. മഹാത്മാ ഗാന്ധിയുടെ മകൻ മണിലാൽ ഗാന്ധിയുടെ മകളാണ് ഇള ഗാന്ധി. ഇളയുടെ മകളാണ് ആഷിഷ് ലതാ റാംഗോബിൻ.