കൊച്ചി: ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പുതിയ ആൽഫ സിഎൻജി പാസഞ്ചർ, കാർഗോ വേരിയന്റുകൾ പുറത്തിറക്കി. കൂടാതെ മറ്റു ഡീസൽ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് ആൽഫ കാർഗോ, പാസഞ്ചർ ഉടമയ്ക്ക് അഞ്ചു വർഷം കൊണ്ട് ഇന്ധന ചെലവിൽ 4,00,000 രൂപ വരെ ലാഭിക്കാനാകും.

പുതിയ ആൽഫ സിഎൻജി കാർഗോ, പാസഞ്ചർ വകഭേദങ്ങളിൽ ഉപഭോക്താക്കളുടെ വ്യത്യസ്ത യാത്ര ആവശ്യങ്ങൾക്കായി ഇലക്ട്രിക്, ഡീസൽ, സിഎൻജി എന്നിവയുൾപ്പെടെ ഒന്നിലധികം ഓപ്ഷനുകൾ ലഭ്യമാക്കുന്നു. രാജ്യത്തെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ ആൽഫ കാർഗോ, പാസഞ്ചർ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സിഇഒ സുമൻ മിശ്ര പറഞ്ഞു.

കേരളം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ഈ പുതിയ വേരിയന്റുകൾ ലഭ്യമാകും.

ആൽഫ പാസഞ്ചർ ഡിഎക്‌സ് ബിഎസ് 6 സിഎൻജിക്ക് 2,57,000 രൂപയും, ആൽഫ ലോഡ് പ്ലസിന് 2,57,800 രൂപയുമാണ് (എക്‌സ്-ഷോറൂം ലഖ്‌നൗ) വില.