ബംഗളുരു: വാഹനം വാങ്ങാനായി മഹീന്ദ്രയുടെ ഷോറുമിലെത്തിയ കർഷകനെ സെയിൽസ്മാൻ അപമാനിച്ച സംഭവത്തിൽ കർഷകനോട് ക്ഷമ പറഞ്ഞ് ആനന്ദ് മഹീന്ദ്ര.ഒപ്പം കർഷകന് സമ്മാനമായി മഹീന്ദ്ര ബൊലേറോ നൽകുകയും ചെയ്തു.

കർഷകന്റെ വസ്ത്രധാരണം കണ്ട് തെറ്റുധരിച്ച സെയിൽസ്മാൻ വാഹനം വാങ്ങാൻ കാശുണ്ടോ എന്നു ചോദിച്ചാണ് കർഷകനെ അപമാനിച്ചത്.കെംപെഗൗഡ എന്ന കർഷകനാണ് അപമാനം നേരിടേണ്ടി വന്നത്.

സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മഹീന്ദ്ര ഷോറൂമിൽ നിന്ന് കെംപെഗൗഡയ്ക്ക് ബൊലേറൊ സമ്മാനമായി നൽകിയത്. ഷോറൂമിൽ വെച്ച് സംഭവിച്ച കാര്യങ്ങൾക്ക് മഹീന്ദ്ര കർഷകനോട് മാപ്പ് പറഞ്ഞു. ഖേദം രേഖപ്പെടുത്തി മഹീന്ദ്ര ട്വീറ്റും ചെയ്തു.

''കെംപെഗൗഡയും സുഹൃത്തുക്കളും ഷോറൂമിൽ വെച്ച് നേരിട്ട പ്രയാസത്തിൽ ഖേദം രേഖപ്പെടുത്തുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്,'' മഹീന്ദ്ര ട്വീറ്റ് ചെയ്തു.

കർണാടകയിലെ തുമക്കുരുവിലെ മഹീന്ദ്ര ഷോറൂമിലാണ് ജനുവരി 21ന് നാടകീയ സംഭവങ്ങൾ നടന്നത്.ബൊലേറോ പിക്കപ്പ് ട്രക്ക് വാങ്ങാനാണ് കെംപെഗൗഡ കടയിലെത്തിയത്. പത്ത് രൂപ പോലും കെംപെഗൗഡയുടെ കീശയിൽ ഉണ്ടാവാൻ ഇടയുണ്ടാകില്ലെന്ന് പറഞ്ഞ് സെയിൽസ്മാൻ കർഷകനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.

തന്റെ വസ്ത്രം കണ്ടാണ് സെയിൽസ്മാൻ അപമര്യാദയായി പെരുമാറിയതെന്ന് കെംപെഗൗഡ ആരോപിക്കുകയായിരുന്നു. തുടർന്ന് സെയിൽസ്മാനും കെംപെഗൗഡയും തമ്മിൽ വാക്കേറ്റമുണ്ടയി. വെറും ഒരു മണിക്കൂറിനുള്ളിൽ കെംപെഗൗഡ പണവുമായി എത്തുകയും ചെയ്തു. വാഹനം ഇപ്പോൾ കൈമാറാനാകില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ കൈമാറാമെന്നും ഷോറൂമിൽ നിന്ന് പറയുകയായിരുന്നു. തുടർന്ന് തനിക്ക് ഈ ഷോറൂമിൽ നിന്ന് വാഹനം വേണ്ടെന്ന് പറഞ്ഞാണ് കെംപെഗൗഡയും സുഹൃത്തുക്കളും പോയത്.