മലപ്പുറം: തോട്ടിൽ തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി പെരിന്തൽമണ്ണ പൊലീസ്. പരിയാപുരം സ്വദേശി തെക്കെവളപ്പിൽ അബ്ദുൽ ജലീലിനെയാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരിന്തൽമണ്ണ മാനത്ത് മംഗലം ബൈപ്പാസിന് സമീപം തോട്ടിൽ തുണി അലക്കിക്കൊണ്ടിരുന്ന പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീയുടെ 3 പവൻ തൂക്കം വരുന്ന മാലയാണ് യുവാവ് പിടിച്ചുപറിച്ച് കടന്നു കളഞ്ഞത്. തോടിന് സമീപം കാർ നിർത്തി കാർ കഴുകാനായി വെള്ളമെടുക്കാനെന്ന് പറഞ്ഞ് തോട്ടിലേക്കിറങ്ങുകയും തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടി കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ബലംപ്രയോഗിച്ച് പൊട്ടിച്ചെടുത്ത മാലയുടെ പകുതി ഭാഗം ഉടമയുടെ കയ്യിൽ തന്നെ കിട്ടിയിരുന്നു.

അവർ ബഹളമുണ്ടാക്കി ആളുകൾ കുടിയപ്പോഴേക്കും പ്രതി വേഗത്തിൽ കാർ ഓടിച്ച് രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ വാഹന നമ്പർ ശ്രദ്ധിക്കുകയും അത് പൊലീസിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിയെ പിടികൂടൽ വേഗത്തിലായത്. തുടർന്ന സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ പുത്തനങ്ങാടിയിൽ നിന്ന് പെരിന്തൽമണ്ണ പൊലീസ് പിടികൂടുകയായിരുന്നു ഇന്നലെ വൈകീട്ട് തന്നെ യുവാവിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. നാസർ, എസ്‌ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുത്തനങ്ങാടിയിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐമാരായ അബ്ദുൾ സലീം, ഷാജഹൻ, സി.പി.ഒ മാരായ ഷക്കീൽ, സജീർ, മിഥുൻ, എം.കെ. വിനീത്, ഐ.പി. രാജേഷ്, വിനീത് എൻ.കെ, സലീന എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ബുധനാഴ്ച പെരിന്തൽമണ്ണ വളയം മൂച്ചിയിൽ വെച്ച് യുവതിയുടെ സ്‌കൂട്ടർ പിന്തുടർന്ന് മാല പൊട്ടിച്ച പ്രതിയെയും അങ്ങാടിപ്പുറത്ത് ജോലി കഴിഞ്ഞു പോവുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെയും ഇപ്രകാരം സംഭവം നടന്ന് വൈകാതെ പിടികൂടിയിരുന്നു.