കൊച്ചി: മാണി സി കാപ്പനു മുന്നേ കോൺഗ്രസിനൊപ്പം ചേരാൻ മേജർ. നടനും സംവിധായകനുമായ മേജർ രവി കോൺഗ്രസിലേയ്ക്ക് എത്തുന്നതായി സൂചന. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് പാർട്ടി മാറുന്നതെന്നാണ് വിവരം.

കൊച്ചിയിലെത്തിയ ഐശ്വര്യ കേരള യാത്രയിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ നിന്നു ലഭിക്കുന്ന സൂചന. കോൺഗ്രസ് നേതാക്കൾ മേജർ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മേജർ രവിയിൽ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. എന്നാൽ മേജർ രവി കോൺഗ്രസിനൊപ്പം ചേരുമെന്ന് കോൺഗ്രസ് നേതാക്കൾ സമ്മതിക്കുന്നുണ്ട്.

ബിജെപിയിലെ 90 ശമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു. ഇതിന് ശേഷം കോൺഗ്രസുമായി മേജർ രവി ചർച്ച നടത്തിയെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജർ രവി ആലുവയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ കെപിസിസി അധ്യക്ഷൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പി രാജീവിന് വേണ്ടി മേജർ രവി വോട്ട് ചോദിച്ചിരുന്നു. മുമ്പ് ബിജെപിക്ക് വേണ്ടിയും പ്രചരണത്തിൽ പങ്കെടുക്കും. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വോട്ട് ചോദിക്കാൻ മേജർ രവി എത്തുമെന്നാണ് സൂചന. മത്സരിക്കില്ലെന്നാണ് റിപ്പോർട്ട്.

ബിജെപി സഹയാത്രികനായാണ് മേജർ രവി അറിയപ്പെട്ടിരുന്നത്. എന്നാൽ അടുത്ത കാലത്ത് കേരളത്തിലെ ബിജെപിക്കെതിരെ കടുത്ത വിമർശനമാണ് മേജർ രവി നടത്തിയിരുന്നത്. സംസ്ഥാനത്തെ സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ 90 ശതമാനവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി പറഞ്ഞിരുന്നു തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മസില് പിടിച്ച് നടക്കാൻ മാത്രമേ ഇവർക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിത മാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജർ രവി കുറ്റപ്പെടുത്തി.

താഴെ തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞുനോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ല. ഇത്തവണ ഒരിടത്ത് പോലും ബിജെപി നേതാക്കൾക്ക് വേണ്ടി പ്രസംഗിക്കാൻ പോകില്ലെന്നും മേജർ രവി അറിയിച്ചിരുന്നു.