തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളിപ്പറഞ്ഞ് സംവിധായകൻ മേജർ രവി. കാർഷിക ബില്ലിനെതിരെ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് മേജർ രവി തന്റെ നിലപാട് വ്യക്തമാക്കിയത്.

പൂർണമായും കർഷകർക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് മേജർ രവി തന്റെ നിലപാട് വ്യക്തമാക്കിയത്.'ഇപ്പോൾ പലരും എന്റെയടുത്ത് ചോദിക്കുന്നൊരു കാര്യം കർഷക സമരമവിടെ നടക്കുന്നുണ്ട്, എന്തുകൊണ്ട് അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്ന്. അതിനകത്ത് ഒരു രാഷ്ട്രീയ അജണ്ടയുണ്ട്.

ഈ കോർപറേറ്റുകൾ പൈസ നമുക്ക് തന്നില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ളൊരു പ്രവണത ഉണ്ടോ ഇല്ലയോ എന്നത് പ്രധാനമന്ത്രി പറഞ്ഞില്ലെന്നത് എവിടെയൊ ഞാൻ കേട്ടു. നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ സമരം തീർക്കാൻ പറ്റുമോ? പക്ഷേ അതുപറഞ്ഞാലും ഈ സമരം തീരില്ല. കാരണം അതൊരു രാഷ്ട്രീയ അജണ്ടയാണ്.അവിടെ കർഷകർ എന്നു പറഞ്ഞാൽ ഉയർന്ന അഭിമാനമുള്ളവരാണ്. പട്ടാളത്തിലാണ് എന്ന് പറയുന്നതുപോലെയാണ് അവിടെ കർഷകനാണ് എന്നു പറയുന്നത്.

പൂർണമായും കർഷകർക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് ഇത്. കൃഷി തുടങ്ങും മുൻപ് വിളയ്ക്ക് ഒരു വില ഉറപ്പിക്കും. അതു കർഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. ഉദാഹരണത്തിന് ഉള്ളിക്ക് ആദ്യം 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്പോൾ അന്ന് ഉള്ളി വില 10 രൂപയാണെങ്കിലും കർഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപയാണെങ്കിൽ പക്ഷേ ഉറപ്പിച്ച 20 രൂപയേ ലഭിക്കൂ. പക്ഷേ അവിടെ കർഷകന്റെ ലാഭം ഉറപ്പാകുന്നുണ്ട്.'- അദ്ദേഹം പറഞ്ഞു.