കേളകം: കോവിഡ് ദുരിതം സമ്മാനിച്ചവരിൽ മുൻപന്തിയിലാണ് സ്റ്റേജ്് കലാകാരന്മാർ. നിയന്ത്രണങ്ങൽ ഒരോന്നായി സർക്കാറുകൾ നീക്കിയെങ്കിലും ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് തുടരുന്ന വിലക്ക് ഇ കലാകാരന്മാരുടെ ജീവിതത്തെ ഒരു ചോദ്യചിഹ്നമായി നിലനിർത്തുകയാണ്. ഉത്സവാഘോഷങ്ങൾ സജീവമാകേണ്ടുന്ന കാലത്ത് വന്ന ലോക്ഡൗൺ മൂലം കഴിഞ്ഞ സീസണും ഇവർക്ക് നഷ്ടമായി.

ഈ സീസണിലും പ്രതീക്ഷയേകുന്ന ഒന്നും സംഭവിക്കാത്തതുകൊണ്ട് തന്നെ പലരുടെയും ജീവിതം വഴിമുട്ടിയ നിലയിലാണ്.ഗുരുതര രോഗം ബാധിച്ചവരുൾപ്പടെയുള്ള കലാകാരന്മാർ ഒരു നേരത്തെ മരുന്നിനായുള്ള കാശിനുപോലും മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ട അവസ്ഥയിലാണ്. ഇങ്ങനെ ദുരിതത്തിലായി അടിയന്തിയ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ കനിവ് തേടുകയാണ് പ്രാസം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച മകാരം മാത്യു.

അക്ഷരപ്രാസംകൊണ്ട് ലോക റെക്കോഡിനുടമയായ മകാരം മാത്യു ഏറെനാളായി കാൻസർ ബാധിച്ച് ചികിത്സയിലാണ്.ഇദ്ദേഹത്തിന് അടുത്താഴ്‌ച്ച ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കുള്ള തുകയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം സുമനസ്സുകളുടെ കനിവ് തേടുന്നത്.കോവിഡ് കാലമായതിനാൽ പരിപാടികൾ ഇല്ലാത്തതോടെ വരുമാനം പൂർണ്ണമായും നിലച്ചു.

ആകെ സ്വത്ത് എന്നു പറയാനായി കൈവശമുണ്ടായിരുന്ന ഭൂമി കഴിഞ്ഞ പ്രളയത്തിൽ നശിക്കുകയും ചെയ്തു. ഇതോടെയാണ് ഇദ്ദേഹം ശരിക്കും പ്രതിസന്ധിയിലായത്. കേളകം ചുങ്കക്കുന്നിലെ വീട്ടിൽ ഭാര്യ ഏലിക്കുട്ടിക്കൊപ്പം കാൻസർ രോഗത്തോട് മല്ലിട്ടുകഴിയുകയാണ് ഇദ്ദേഹം ഇപ്പോൾ. കോവിഡ് പ്രതിസന്ധിക്കൊപ്പം സ്റ്റേജ് പരിപാടികളും ഇല്ലാതായതോടെ ഈ കുടുംബമിപ്പോൾ ബുദ്ധിമുട്ടിലാണ്.

അമ്പതാം വയസ്സിലാണ് മാത്യു മകാര പ്രസംഗം തുടങ്ങിയത്. ആദ്യം എഴുതിപ്പഠിച്ചായിരുന്നു അവതരണം. പിന്നീട് ഏത് വിഷയം പറഞ്ഞാലും മത്തായി മ യിൽ വാക്കുകളുടെ വെടിക്കെട്ട് തീർക്കുന്ന കാലമുണ്ടായി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ച് മണിക്കൂർ മകാരപ്രസംഗം നടത്തി കൗതുക പ്രസംഗത്തിനുള്ള ലോക റെക്കോഡ് കുറിച്ചിട്ടുണ്ട്. 1983-ൽ കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് 'കൊട്ടിയൂരിലെ ഉരുൾപൊട്ടൽ' എന്ന പേരിൽ മാത്യു പുസ്തകമിറക്കി.

ഈ കവിത 'മാമലയ്ക്ക് മാനഭംഗം' എന്ന പേരിൽ മാത്യു പിന്നീട് മാറ്റിയെഴുതി. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ സിനിമാ നടൻ തിക്കുറിശ്ശി കഴിവ് തിരിച്ചറിഞ്ഞു. അങ്ങനെ തിക്കുറിശ്ശി, മാത്യുവിന്റെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുത്തു. അന്ന് തിക്കുറിശ്ശി സദസ്സിന് മാത്യുവിനെ പരിചയപ്പെടുത്തിയത് മകാരം മത്തായി എന്ന പേരിലായിരുന്നു. അങ്ങനെയാണ് മാത്യു മകാരം മത്തായിയായത്. അഞ്ച് മണിക്കൂറോളം 'മ'യിലൂടെ മാത്രം സംസാരിച്ച് 'മ'യിലൂടെ മറുപടിയേകി ജനങ്ങളെ അത്ഭുതപ്പെടുത്തിയ കാലവും പിന്നീടുണ്ടായി.

ഇങ്ങനെ പ്രാസം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രതിഭയാണ് ഇന്ന് തുടർജീവിതം എന്തെന്നറിയാതെ പകച്ചുനിൽകുന്നത്. ഇദ്ദേഹത്തെ സഹായിക്കുന്നതിനായി സിൻഡിക്കേറ്റ് ബാങ്ക് കേളകം ശാഖയിലെ മാത്യു കൊട്ടാരത്തിൽ, 42582250009748 (ഐ.എഫ്.എസ്. കോഡ്: എസ്്‌വൈഎൻബി0004258) എന്ന അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.ഈ അക്കൗണ്ടിലേക്കോ കൻ മനോജിന്റെ പേരിലുള്ള 9739832316 എന്ന നമ്പറിൽ ഗൂഗിൾ പേയായോ സഹായമെത്തിക്കാം. മാത്യുവിന്റെ ഫോൺ നമ്പർ: 9526862818.

മലയാളിക്ക് ആസ്വാദനത്തിന്റെ പുത്തൻശൈലി സമ്മാനിച്ച മാത്യുവിനെ മലയാളികൾ കൈയൊഴിയില്ല എന്ന വിശ്വാസത്തിലാണ് ഈ കുടുംബം.