ഇരിട്ടി: കേരള-കർണാടക അന്തർ സംസ്ഥാന പാത വഴിയുള്ള മാക്കൂട്ടം ചുരം പാതയിലുടെ യാത്രാ നിയന്ത്രണങ്ങൾ നീട്ടി. കുടകിലേക്ക് പ്രവേശിക്കുന്നതിന് കേരളത്തിൽ നിന്നുള്ളയാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഈ മാസം 30 വരെ തുടരും ഇതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണ കാലവാധി മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്.

രാജ്യം മുഴുവൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് നിലനിൽക്കവെയാണ് കേരളത്തിൽ നിന്നും കുടക് ജില്ലയിൽ എത്തുന്നവർക്കുള്ള നിയന്ത്രണത്തിൽ ഇളവുനൽകാതെ തുടരാനുള്ള തീരുമാനം കർണാടക ഒരുമാസം കൂടി നീട്ടിയത്. സെപ്റ്റംബർ 30വരെ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുമെന്ന് പ്രതീക്ഷിച്ചിക്കുമ്പോഴാണ് കുടക് അസിസ്റ്റന്റ് കമ്മീഷണർ ചാരുലതാ സോമൽ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

നേരത്തെ ശനി, ഞായർ ദിവസങ്ങളിലെ വരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചിരുന്നു. ഒക്ടോബർ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കർണ്ണാടക പൗരന്മാർ ജാഗ്രത പാലിക്കണമെന്നും കേരളത്തിൽ നിന്നും വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കർണ്ണാടകത്തിലേക്ക് അത്യാവശ്യക്കാർ മാത്രമെ പ്രവേശിക്കാവുവെന്നും നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ ടി പി ആർ നിരക്ക് കുറഞ്ഞു വരികയും സ്‌കൂളുകൾ അടുത്ത മാസം തുറക്കാനും മറ്റ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിക്കുകയും ചെയ്തിരിക്കെ കുടക് ജില്ലാ ഭരണ കൂടത്തിന്റെ നടപടി വൻ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്.

ഇപ്പോഴും മാക്കൂട്ടം ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ സ്ഥലം നിർബന്ധമാണ്.
ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത് ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പൊതു ഗതാഗതത്തിനും അനുമതിയില്ല. മാക്കൂട്ടം അതിർത്തിയിൽ പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ ടി പി ആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ തന്നെയാണ് ഇപ്പോഴും. കുടകിൽ ഒരു ശതമാനത്തിന് താഴെയാണ് ടി പി ആർ നിരക്ക്.

കഴിഞ്ഞദിവസം വരെ 0.92 ശതാമാനമാണ് മേഖലയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് . കേരളത്തിലെ ടി പി ആർ നിരക്ക് അഞ്ചിൽ താഴെ എത്തിയാൽ മാത്രമെ നിയന്ത്രണങ്ങളിൽ ഇളവ് നൽകേണ്ടതുള്ളുവെന്ന നിലവാടിലാണ് കുടക് ജില്ലാ ഭരണ കൂടമെന്നാണ് സൂചന. കണ്ണുർ ,കോഴിക്കോട് ജില്ലയിലുള്ള പ്രൊഫഷനൽ വിദ്യാർത്ഥികളും വ്യാപരികളും സാധാരണക്കാരുമടങ്ങുന്ന വലിയൊരു വിഭാഗമാളുകൾ മാക്കൂട്ടം ചുരം പാതയെ ആശ്രയിക്കുന്നത്. മൈസൂര്, വീരാജ് പേട്ട, ബംഗ്‌ളൂര് എന്നിവടങ്ങളിലേക്ക് പോകുന്നവരെയാണ് കുടക് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിയന്ത്രണങ്ങൾ ദുരിതത്തിലാക്കിയത്.