മലപ്പുറം: കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ആഭരണ നിർമ്മാണശാല സ്ഥാപിക്കുന്നതിൽ നിന്ന് മലബാർ ഗോൾഡ് പിൻവാങ്ങി. ആറ് വർഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി സമരം നടത്തിവരുന്ന സമരം കണക്കിലെടുത്താണിത്. പകരം വാണിജ്യകോംപ്ലക്സ് സ്ഥാപിക്കാൻ തീരുമാനം. കാലിക്കറ്റ് സർവ്വകലാശാലാ ഇ എം എസ് സെമിനാർ കോംപ്ലകസിൽ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആറ് വർഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ആഭരണ നിർമ്മണശാലക്കെതിരെ സമരം നടക്കുകയാണ്. രണ്ട് കോടിയോളം രൂപ മലബാർ ഗോൾഡ് കിൻഫ്രയിൽ മുതൽ മുടക്കിയ സാഹചര്യത്തിൽ സർക്കാരിന് മുന്നിൽ സമർപ്പിച്ച ഷോപ്പിംങ്ങ് മാൾ, ജൂവലറി ഉൾപ്പെടെയുള്ള ബദൽ പദ്ധതി അംഗീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

മലിനീകരണത്തിന് ഇടയാക്കുന്ന പദ്ധതികൾ വരുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡെപ്യൂട്ടി കലക്ടർ, മലപ്പുറം ഡിവൈഎസ്‌പി, സമരസമിതി പ്രതിനിധി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയെ നിയോഗിച്ചു. നേരിട്ടും അല്ലാതെയും ആയിരത്തിലധികം ആളുകൾക്ക് ജോലി ലഭിക്കുന്ന വാണിജ്യകോംപ്ലക്സ് യാഥാർത്യമാക്കാൻ സാങ്കേതിക തടസങ്ങൾ നീക്കണമെന്ന ആവശ്യത്തിൽ സർക്കാറിനെ സമീപിച്ചതിനെ തുടർന്നാണ് സർക്കാർ ഇടപെടലുണ്ടായത്.

ചർച്ചയിൽ പി അബ്ദുൽ ഹമീദ് എം എൽ എ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് എ പി ജമീല, മലബാർ ഗോൾഡ് മാനേജിംങ്ങ് ഡയറക്ടർ എ പി അഹമ്മദ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കാക്കഞ്ചേരിയിലെ കിൻഫ്ര മാനേജർ കിഷോർ കെ എസ്, ചേലേമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് സി രാജേഷ്, ചേലേമ്പ്ര പഞ്ചായത്ത്, സമരസമിതി പ്രസിഡന്റ് എ ബാലകൃഷ്ണൻ, സെക്രട്ടറി എൻ ശെരീഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.