കോലഞ്ചേരി: മോദിക്കും പിണറായിക്കും ഒപ്പമാണ് യാക്കോബായ സഭ. ഓർത്തഡോക്‌സിന് കോടതി വിധി നടപ്പാക്കുകയും വേണം. പ്രധാനമന്ത്രി നടത്തുന്ന ഒത്തു തീർപ്പ് ചർച്ചയിൽ പ്രതീക്ഷ കാണുമ്പോഴും യാക്കോബയക്കാർ പിണറായി ഭക്തി മാറ്റി നിർത്തി മുമ്പോട്ട് പോകില്ലെന്ന സൂചനയാണ് നൽകുന്നത്. മോദിയുടെ ചർച്ചയിലും നീതി കിട്ടുമോ എന്ന സംശയം ഓർത്തഡോക്‌സുകാർക്കുണ്ട്. രാഷ്ട്രീയ നേതൃത്വം യാക്കോബായക്കാർക്കൊപ്പമാണോ എന്ന സംശയമാണ് അവർക്കുള്ളത്.

നൂറ്റാണ്ടു പിന്നിട്ട സഭാ തർക്കം നീതിപൂർവം പരിഹരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഓർത്തഡോക്‌സ് സഭയുടെ നടപടി ദൗർഭാഗ്യകരമാണെന്ന് യാക്കോബായ സുറിയാനി സഭ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ തർക്കം പരിഹരിക്കാൻ ഇടപെടുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തതിലുള്ള അമർഷം കൊണ്ടാണ് അവർ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് യാക്കോബായ സഭ പറയുന്നു. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സുകാരെ പിണറായി പരസ്യമായി ശാസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്‌സ് സഭ കുറ്റപ്പെടുത്തലുമായി എത്തിയത്.

അദ്ദേഹത്തിനും സർക്കാരിനും എന്തെങ്കിലും നിക്ഷിപ്ത താത്പര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടുന്നതിനോട് മുഖ്യമന്ത്രി ഈ സമീപനം സ്വീകരിക്കുമായിരുന്നോ എന്നും മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പ്രസംഗത്തിലെ പരാമർശങ്ങൾ സത്യസന്ധവും വസ്തുതാപരവുമാണ്. മുഖ്യമന്ത്രി ഓർത്തഡോക്‌സ് സഭയെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് സഭാ തർക്ക ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കുക മാത്രമാണു ചെയ്തതെന്ന് യാക്കോബായക്കാർ പറയുന്നു.

അതായത് മോദിയുമായി സഹകരിക്കുമ്പോഴും നേതാവ് പിണറായിയാണെന്ന് വ്യക്തമാക്കുകയാണ് യാക്കോബായക്കാർ. മലങ്കര സഭാ തർക്കത്തിൽ ഉണ്ടായ കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചെന്ന് യാക്കോബായ സഭ പറയുന്നുണ്ട്. പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും സഭാപ്രതിനിധികൾ അറിയിച്ചു. വിധി നടപ്പാക്കുന്നതിന് വേണ്ടി ചർച്ച നടത്തുന്നതിൽ അർഥമില്ല.

1991 ലെ വർഷിപ്പ് ആക്ട് നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് പറഞ്ഞു. ചർച്ചയിൽ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് പുറമെ കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഓർത്തഡോക്‌സ് യാക്കോബായ സഭാപ്രതിനിധികൾ പി.എസ്.ശ്രീധരൻപിള്ളയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.