മലപ്പുറം: മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കളക്ടർ, സബ് കളക്ടർ ഉൾപ്പെടെ കളക്ടറേറ്റിലെ 21 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കരിപ്പൂർ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് പിന്നാലെ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരുന്നു. ഇവരുടെ കോവിഡ് പരിശോധനാഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

മലപ്പുറം ഡിഎംഒ തയ്യാറാക്കിയ സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ഉൽപ്പെട്ടതായാണ് സൂചന. കേന്ദ്ര വ്യോമയാനമന്ത്രി, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ഗവർണർ, സംസ്ഥാനമന്ത്രിമാർ തുടങ്ങിയവരും കരിപ്പൂരിലെത്തിയിരുന്നു.