മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മലപ്പുറം ജില്ലയിൽ നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒരു ഗ്രൂപ്പ് മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുക. സെമി, ഫൈനൽ മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ ചാമ്പ്യൻഷിപ്പിന് നിശ്ചയിച്ചിരുന്നതെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. സംഘാടകസമിതി രൂപീകരണത്തിനു ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ.എഫ്.എഫ് പ്രതിനിധികളായ കുശാൽ ദാസ് (ജനറൽ സെക്രട്ടറി, എ.ഐ.എഫ്.എഫ്), അഭിഷേക് യാഥവ് (ഡപ്യൂട്ടി സെക്രട്ടറി), സി.കെ.പി. ഷാനവാസ് തുടങ്ങിയവർ കോട്ടപ്പടി സ്റ്റേഡിയം സന്ദർശിച്ച് സ്റ്റേഡിയത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി. സ്റ്റേഡിയത്തിലെ മറ്റുകാര്യങ്ങളിൽ തൃപ്തി അറിയിച്ച എഐ.എഫ്.എഫ് പ്രതിനിധികൾ 35 ദിവസത്തിനുള്ള ടർഫിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്ന് അറിയിച്ചു.

10 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. അഞ്ച് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പിൽ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും. സന്തോഷ് ട്രോഫി ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനത്തിന് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങൾ ഒരുക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരിക്കും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം. കളിക്കാരുടെ താമസം, പരിശീലനം, യാത്ര എന്നിവ ബയോബബിൾ സംവിധാനത്തിലായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളിക്കാർക്കും ഒഫീഷ്യൽസിനും താമസസൗകര്യം ഒരുക്കും. സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രവൃത്തികളും സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ നിർമ്മാണവും ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് പുറമേ വിവിധ ചാമ്പ്യൻഷിപ്പുകൾ കേരളത്തിലേക്ക് എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. എ.ഐ.എഫ്.എഫ്മായി 2030 വരെയുള്ള നീണ്ട കരാറാണ് ഒപ്പിടാൻ പോകുന്നത്. അതിൽ എ.ഐ.എഫ്എഫ്‌ന്റെ സഹകരണത്തോടെ ഗ്രാസ് റൂട്ട് ലെവൽ ഡവലപ്മെന്റ്, ദേശീയ ജൂനിയർ ടീമിന്റെ പരിശീലനം, റഫറി, പരിശീലകരുടെ ട്രെയിനിങ് പ്രോഗ്രാം, ഐ.എസ്.എൽ, ഐ ലീഗ് ടീമുകളെ അണിനിരത്തി സൂപ്പർ കപ്പ്, ബീച്ച് ഗെയിസ്, തുടങ്ങിയ പരിപാടികൾക്ക് കേരളം വേദിയാകുമെന്നും മന്ത്രി കൂട്ടിചേർത്തു.

ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാർ ഫുട്‌ബോൾ ഉൾപ്പടെയുള്ള കായികവിനോദങ്ങൾക്ക് പൂർണ പിന്തുണയും സഹായവും നൽകുന്നുണ്ട്. 2030 ആകുമ്പോഴെക്കും ഫുട്‌ബോൾ രംഗത്ത് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് എംഒയു ഒപ്പുവച്ചിട്ടുണ്ട്. സ്‌കൂൾ തലങ്ങളിൽ ഫുട്‌ബോൾ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകും. ഇതിനായി മുൻനിര ഫുട്‌ബോൾ താരങ്ങളുടെ സഹായം തേടും.

കോഴിക്കോട് അന്തരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം സ്ഥാപിക്കും. ഇന്ത്യയിലെ പ്രധാന ഫുട്‌ബോൾ ക്ലബുകളെ പങ്കെടുപ്പിച്ച് സൂപ്പർ കപ്പ് എന്ന പേരിൽ ഫുട്‌ബോൾ മത്സരം നടത്തുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. തീരദേശ മേഖലയിൽ ഫുട്‌ബോളിന് ജനകീയവത്ക്കരിക്കുന്നതിനും കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിനും തീരദേശ മേഖലയുള്ള എല്ലാ ജില്ലകളിലും ബീച്ച് ഫുട്‌ബോൾ നടത്തും. സംസ്ഥാനത്ത് ഫുട്‌ബോൾ താരങ്ങൾക്കും റഫറിമാർക്കും പരിശീലകർക്കും എഐഎഫ്എഫുമായി സഹകരിച്ച് മികച്ച പരിശീലനം നൽകും. കോച്ചിങ്ങ് ലൈസൻസുകൾ ലഭിക്കാൻ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകൾ. ദേശീയ പരിശീലകരുടെ സേവനം ഉൾപ്പെടെ ഈ ക്ലാസുകളിൽ എഐഎഫ്എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുട്‌ബോൾ താരങ്ങളുടെ അനുഭവ സമ്പത്തും കഴിവും വർധിപ്പിക്കുന്നതിന് കൂടുതൽ മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കും.

ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവരാണ് മലപ്പുറത്തുകാർ. സന്തോഷ്ട്രോഫി കുറ്റമറ്റരീതിയിൽ നടത്തുന്നതിനും വിജയിപ്പിക്കുന്നതിനും പൊതുജനങ്ങളുടെയും കായികപ്രേമികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണപിന്തുണയുണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎ‍ൽഎമാരായ യു.എ. ലത്തീഫ്, പി. നന്ദകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ എസ്. പ്രേംകൃഷ്ണൻ, നഗരസഭ അധ്യക്ഷന്മാരായ വി എം. സുബൈദ, സലീം മാട്ടുമ്മൽ, മുജീബ് കാടേരി, മുൻ. എംഎൽഎ ഇസ്ഹാക് കുരിക്കൾ, ഡയറക്ടർ കെ.എസ്. ബിന്ദു, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ, വൈ. പ്രസിഡന്റ് ഒ.കെ. വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ, വൈ. പ്രസിഡന്റ് വി.പി. അനിൽ, സെക്രട്ടറി അബ്ദുൽ മഹ്റൂഫ്, ഡി.വൈ.എസ്‌പിപി.എം. പ്രദീപ്, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി. അഷ്റഫ്, ഡോ. സക്കീർ ഹുസൈൻ, സെക്രട്ടറി പി.എം. സുധീർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഷറഫലി, ആസിഫ് സഹീർ മറ്റു ജനപ്രധിനിധികൾ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രധിനിധികൾ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ, കായിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.