മലപ്പുറം: 17064 വോട്ടിന്റെ ലീഡ് ഇത്തവണ 2564 കുറഞ്ഞെങ്കിലും ജലീൽ ഹാപ്പി. എൽ.ഡി.എഫ് കാറ്റ് ആഞ്ഞ് വീശിയ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കോട്ടയായ തവനൂരിൽ ഫോട്ടോ ഫിനിഷിൽ കെ.ടി ജലീലിന്റെ ഹാട്രിക്ക് വിജയം. 2564 വോട്ടിനാണ് കെ.ടി ജലീൽ ഹാട്രിക്ക് വിജയം നേടിയത്.

തവനൂർ നിയോജകമണ്ഡലം മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും വിജയിക്കാൻ കെ.ടി ജലീലിനായി. യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നും പറബിൽ വോട്ടെണ്ണലിൽ അവസാന ഘട്ടം വരെ ലീഡ് പിടിച്ചിരുന്നെങ്കിലും എന്നാൽ അവസാന റൗണ്ടുകളിലേക്ക് എത്തിയതോടെ കെ.ടി ജലീൽ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു.

വിജയിക്കാൻ സാധിച്ചില്ലെങ്കിലും കെ.ടി ജലീലിന്റെ ഭൂരിപക്ഷം വലിയ തോതിൽ കുറക്കാൻ സാധിച്ചു. തവനൂർ മണ്ഡലം രൂപീകരിച്ച 2011 ൽ നടന്ന തിരഞ്ഞെടുപ്പിൽ വി.വി പ്രകാശിനെതിരെ 6854 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ 2016ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പി. ഇഫ്ത്തിഖാറുദ്ധീനെതിരെ 17064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.ടി ജലീൽ വിജയിച്ചത്. ഈ ഭൂരിപക്ഷമാണ് ഇത്തവണ 2564 ആയി കുറഞ്ഞത്.

തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, മംഗലം, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകൾ ഉൾപെട്ട തവനൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിലും യു.ഡി.എഫ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് ആദ്യ ഘട്ടത്തിൽ കണ്ടത്. എന്നാൽ അവസാന റൗണ്ടുകളിലാണ് എൽ.ഡി.എഫിന് ലീഡ് നേടാനായത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തിൽ മാത്രമാണ് 12353 വോട്ടിന്റെ ലീഡ് നേടാൻ യു.ഡി.എഫിന് സാധിച്ചിരുന്നത്.

എന്നാൽ തുടർന്ന് നടന്ന തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ലീഡ് എൽ.ഡി.എഫ് തിരിച്ച് പിടിച്ചു.എന്നിരുന്നാലും കാലടി , വട്ടംകുളം, മംഗലം പഞ്ചായത്തുകളിൽ ഭരണം പിടിച്ചത് യു.ഡി.എഫിന് മണ്ഡലത്തിൽ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ കോട്ട തകരില്ലെന്നും തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷവും കെ.ടി ജലീലിന്റെ വ്യക്തി ബന്ധങ്ങളും ചേരുമ്പോൾ ഭൂരിപക്ഷം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലുമായിരുന്നു എൽ.ഡി.എഫ്. എന്നാൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയിക്കാനായി എന്ന സന്തോഷത്തിലാണ് എൽ.ഡി.എഫ്

തവനൂരിൽ ഇടത് പക്ഷത്തെ തോൽപ്പിക്കാൻ എല്ലാ വർഗ്ഗീയ ശക്തികളും മാഫിയാ സംഘങ്ങളും ഒരുമിച്ചാണ് കൈകോർത്തതെന്ന് കെ.ടി ജലീൽ പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പതിനായിരം വോട്ട് ബിജെപിക്ക് കുറഞത് ബിജെപി വ്യാപകമായി വോട്ട് മറിച്ചതിന് തെളിവാണെന്നും വെൽഫയർ പാർട്ടിയും, എസ്.ഡി.പി.ഐയും യു.ഡി.എഫിനെ പിന്തുണച്ചു. എല്ലാ മാഫിയ സംഘങ്ങളും വർഗ്ഗീയ ശക്തികളും ഒരു കുടക്കീഴിൽ അണിനിരന്ന് തോൽപ്പിക്കാൻ ശ്രമിച്ചു. ആ ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് തവനൂരിൽ ഇടത് പക്ഷം വിജയിച്ചതെന്നും ഇത് ചരിത്രപരവും ഐതിഹാസികവുമാണ്. മലപ്പുറം ജില്ലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. നിലവിലെ സീറ്റുകൾ നിലനിർത്താനും ലീഗ് കോട്ടകളിൽ അവരുടെ ഭൂരിപക്ഷം കുറക്കാനും സാധിച്ചതായും അദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.