ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ നെഞ്ചു പിടിക്കുന്നവയാണ്. ജീവനും കൊണ്ട് പരക്കം പായുന്നവരാണ് എല്ലായിടത്തും. ഇതിനിടെ മലയാളികൾ അടക്കമുള്ളവരും നാട്ടിലേക്ക് ജീവനും കൊണ്ട് പലായനം ചെയ്തു കഴിഞ്ഞു. അഫ്ഗാൻ പുനർ നിർമ്മാണത്തിന്റെ ഭാഗമായി വിവിധ പ്രൊജക്ടുകളിൽ ജോലി ചെയ്തിരുന്ന മലയാളികളാണ് തിരികെ എത്തിയത്.

അഫ്ഗാനിസ്താനിൽ നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാറും വ്യക്തമാക്കുന്നു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികൾ മടങ്ങിയെത്തിയതായാണ് സൂചന.

എന്നാൽ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാൻ പറ്റില്ലെന്നാണ് നോർക്കയുടെ റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ പറയുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോളിയോ വൈറസിനെതിരായ പ്രതിരോധ നടപടിയായി അഫ്ഗാനിസ്താനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ പോളിയോ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പ്രതിരോധ കുത്തിവയ്‌പ്പിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഇന്ന് രാവിലെ 222 ഇന്ത്യാക്കാരെ അഫ്ഗാനിൽ നിന്ന് രണ്ട് വിമാനങ്ങളിലായി എത്തിച്ചിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ദോഹയിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പൊട്ടിക്കരഞ്ഞ് അഫ്ഗാൻ എംപി

അതേസമയം അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. അഫ്ഗാനിലുള്ള പൗരന്മാരെ അതാത് നാടുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങൾ. വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷത്തിൽ ഉപേക്ഷിച്ച് മടങ്ങിവരുന്നവരും കൂട്ടത്തിലുണ്ട്. അത്തരത്തിൽ തനിക്ക് ഉണ്ടായ ദുരനുഭവം വിവരിക്കുകയാണ് അഫ്ഗാൻ എംപി നരേന്ദ്രർ സിങ് ഖിൽസ.

20 വർഷം കൊണ്ട് ഉണ്ടാക്കിയെടുത്തതെല്ലാം നശിച്ചുവെന്നും ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ആ രാജ്യമെന്നും അഫ്ഗാൻ എംപി നരേന്ദ്രർ സിങ് ഖൽസ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ അദ്ദേഹത്തോട് അഫ്ഗാനിലെ സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ടുള്ള എംപിയുടെ മറുപടി. 'ശൂന്യമാണ് അഫ്ഗാൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് ഉണ്ടാക്കിയതെല്ലാം നാമാവശേഷമായി. ഇനിയൊന്നുമില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് അഫ്ഗാൻ എംപിമാർ അടക്കം 24 സിക്കുക്കാരാണ് ഇന്ന് രാവിലെ ഇന്ത്യയിൽ തിരിച്ചെത്തിയത്.

കാബൂളിലെ ഗുരുദ്വാരയിൽ കഴിഞ്ഞിരുന്ന അഫ്ഗാൻ പൗരന്മാരാണ് വ്യോമസേനയുടെ വിമാനത്തിൽ എത്തിയത്. താലിബാൻ ഇടപെട്ടത് വളരെ ക്രൂരമായാണെന്നും വിമാനത്താവളത്തിൽ വച്ചും 'നിങ്ങളെന്തിനാണ് പോകുന്നത്? പോകരുതെന്ന് 'താലിബാൻ ആവശ്യപ്പെട്ടതായും ഇവർ പറയുന്നു. വ്യോമസേനാ വിമാനത്തിന് പുറമേ എയർ ഇന്ത്യയും ഇൻഡിഗോയ്ക്കും വിസ്താരയ്ക്കുമാണ് കാബൂളിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കാൻ നിലവിൽ അനുമതിയുള്ളത്.

കാബൂളിൽ നിന്ന് തജിക്കിസ്ഥാനും ദോഹയും വഴിയാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത്. ദിവസം രണ്ട് സർവീസ് വീതം കാബൂൾ വിമാനത്താവളത്തിൽ നിന്ന് നടത്താനാണ് നിലവിൽ ഇന്ത്യയ്ക്ക് യുഎസ് അനുമതി നൽകിയിട്ടുള്ളത്. എല്ലാപൗരന്മാരെയും സുരക്ഷിതരായി രാജ്യത്തെത്തിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.