ക്വാലലംപുർ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനു പിന്നാലെ രാജ്യവ്യാപകമായി രണ്ടാം ലോക്ഡൗൺ ഏർപ്പെടുത്തി മലേഷ്യ. ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാനാകില്ലെന്ന അവസ്ഥ സംജാതമായപ്പോഴാണ് നടപടിക്ക് പ്രധാനമന്ത്രി മുഹ്യുദ്ദീൻ യാസിൻ ഉത്തരവിട്ടത്.

വെള്ളിയാഴ്ച പ്രതിദിന രോഗബാധിതരുടെ എണ്ണം 8000 ആയിരുന്നു. ശനിയാഴ്ചയായപ്പോൾ 9020 ആയി ഉയർന്നു. ഭാഗിക ലോക്ഡൗൺ മെയ്‌ 12ന് നടപ്പാക്കിയിരുന്നു. ഇതും ഫലം കാണാതെ വന്നതിനാലാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.

സാമ്പത്തിക മേഖല ഒഴിച്ച് ബാക്കിയുള്ള പ്രവർത്തനങ്ങൾക്കെല്ലാം നിരോധനം ഏർപ്പെടുത്തി. സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനായി 9.7 ബില്യൻ യുഎസ് ഡോളറിന്റെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ബാങ്കിങ്, മാധ്യമ സ്ഥാപനങ്ങൾ, ഫുഡ് ആൻഡ് ബിവറേജ് തുടങ്ങി അവശ്യ സേവനങ്ങളായ 17 മേഖലകൾ അല്ലാതെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ജൂൺ 14 വരെ അടഞ്ഞുകിടക്കും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓയിൽ, ഗ്യാസ് തുടങ്ങിയ 12ൽ പരം നിർമ്മാണ മേഖലകൾ 60% ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം.

പ്ലാന്റേഷൻ, കൃഷി, മത്സ്യ മേഖല, അതി പ്രാധാന്യമുള്ള നിർമ്മാണ മേഖല തുടങ്ങിയവയ്ക്കും ഇളവുണ്ട്.