തിരുവനന്തപുരം: മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ചിത്രം മാലികിൽ ഇസ്ലാമോഫോബിയ കണ്ടില്ലെന്നും ഇസ്ലാമോഫോബിയ ഉണ്ടാക്കിയെടുക്കുകയാണെന്നും നടി മാല പാർവതി. ചരിത്രമാണെന്ന് മഹേഷ് ഒരിടത്തും പറഞ്ഞിട്ടില്ല. വിഷയം പത്രത്തിൽ വായിച്ചോ ഇൻസ്പയർ ചെയ്തോ ഒരാൾക്ക് സിനിമ ചെയ്യാൻ പാടില്ലേയെന്നും മാല പാർവതി ചോദിച്ചു.

അദ്ദേഹം പറയുന്നത് ഇവിടെ വർഗീയ കലാപമുണ്ടാക്കുന്നത് സർക്കാരും പൊലീസും ചേർന്നിട്ടാണ് അല്ലാതെ മനുഷ്യർ തമ്മിൽ അങ്ങനെ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ്,'' മാല പാർവതി ചൂണ്ടിക്കാട്ടി.

മഹേഷിന് ചെയ്യാൻ പറ്റുന്ന, പറയാൻ തോന്നുന്ന രീതിയിൽ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമർശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്, വിമർശിക്കട്ടെ സിനിമകളുണ്ടാകട്ടെ. വിമർശനവും ചർച്ചയും നമ്മുടെ നാട്ടിലുള്ളതാണ്. മീഡിയ വണ്ണിനോടായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.

നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാർ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്പേ വിമർശനമുണ്ടായില്ലേ.

ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആൾക്കാർക്ക് സിനിമ ചെയ്യാമല്ലോ! നിങ്ങൾ വിമർശിക്കൂ, ചോദ്യങ്ങൾ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്രൃമല്ലേയെന്നും മാല പാർവതി ചോദിച്ചു.