തിരുവനന്തപുരം: മാലിക് സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടിരുന്ന സ്ഥലത്ത് കടലില്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ. അത് ഗ്രാഫിക്സ് ചെയ്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പല കാലം കാണിക്കുന്നതിനാൽ സെറ്റുകൾ മാറ്റി ചെയ്യാൻ സമയമെടുത്തെന്നും മഹേഷ് കൂട്ടിച്ചേർത്തു. സിനിമയെ ബീമാപള്ളി വെടിവെപ്പുമായി ബന്ധിപ്പിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്‌ച്ചപ്പാടാണെന്നായിരുന്നു സംവിധായകന്റെ നേരത്തെയുള്ള പ്രതികരണം.

ആമസോണിൽ റിലീസ് ചെയ്ത മഹേഷ് നാരായണൻ ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു. മാലികിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ കാണാരംഗങ്ങൾ പുറത്തുവിട്ടത്. ചിത്രത്തിനായി പൂർണമായും സജ്ജീകരിച്ച സെറ്റും ആക്ഷൻ രംഗങ്ങൾക്കു പിന്നിലെ ദൃശ്യങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട, തുടക്കത്തിലെ സിംഗിൾ ഷോട്ട് സീനിനായി ചെയ്ത തയ്യാറെടുപ്പും, ചിത്രീകരണത്തിനിടെ ഉണ്ടായ താരങ്ങളുടെയും നിർമ്മാതാക്കളുടെയും അനുഭവവും മേക്കിങ് വീഡിയോയിൽ വിവരിക്കുന്നു.

1960 കൾ മുതൽ 2018 വരെയുള്ള കാലഘട്ടം കാണിക്കുന്ന ചിത്രത്തിന് സ്വാഭാവിക ഗതിയിൽ കടൽതീരത്ത് ഷൂട്ടിങ് ബുദ്ധിമുട്ടുള്ളതിനാൽ, സെറ്റ് ഇട്ട് പടം എടുക്കുകയായിരുന്നെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറയുന്നു. സെറ്റിന്റെ മിനിയേച്ചർ ഉണ്ടാക്കി സെറ്റിന്റെ പൂർണ രൂപം എല്ലാവർക്കും മനസിലാക്കി കൊടുത്തു. വി.എഫ്.എക്സ് ഉപയോഗിക്കുന്നതിന് പകരം, സ്ഫോടന രംഗങ്ങൾ യഥാർഥമായി തന്നെ ചിത്രീകരിക്കുകയാണ് ചെയ്തതെന്നും സംവിധായകൻ പറഞ്ഞു.

 

 
 
 
View this post on Instagram

A post shared by Mālik Movie (@malikmovieofficial)

ചെറിയ ശബ്ദങ്ങൾ പോലും കേൾക്കത്തക്ക രീതിയിലാണ് ട്രാക്കുകൾ ശരിയാക്കിയത്. സിനിമ ഒടിടിയിലാണ് റിലീസ് ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ സൗണ്ട് ഡിസൈനർ വിഷ്ണു കരഞ്ഞുപോയി. ഒടിടിയിൽ ശബ്ദത്തിന്റെ കാര്യത്തിൽ വലിയ ഒത്തുതീർപ്പുകൾ വേണ്ടി വരും- അദ്ദേഹം പറഞ്ഞു. ഫൈവ് ജി സാങ്കേതിക വിദ്യ തിയേറ്റർ അനുഭവങ്ങളെ മാറ്റി മറിക്കുമെന്നും മഹേഷ് കൂട്ടിച്ചേർത്തു.

ഫൈവ് ജിയുടെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. അടുത്തൊന്നും വരില്ലെന്നാണ് കരുതിയിരുന്നത്. ഒരു വർഷം കൊണ്ട് ഇത് എല്ലാവരുടെയും വിരൽത്തുമ്പിലെത്തും. തിയേറ്ററിലെ സ്‌ക്രീനിന് പകരം വലിയ ഡിജിറ്റൽ സ്‌ക്രീൻ ഇടംപിടിക്കും. കാഴ്ചയുടെ അനുഭവത്തിന് തന്നെ മാറ്റം വരും.

ഫൈവ് ജി വരുന്നതോടെ ഏതു ഫോർമാറ്റിലും സിനിമ റിലീസ് ചെയ്യാം- അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൈവ് ജിയിൽ വമ്പൻ കമ്പനികൾക്ക് മുതലെടുക്കാനുള്ള അവസരങ്ങളുണ്ടെന്നും മഹേഷ് പറഞ്ഞു. പ്രധാന നഗരങ്ങളിലെല്ലാം തിയറ്ററുകൾ വൻകിട കമ്പനികൾ സ്വന്തമാക്കിക്കഴിഞ്ഞു.

ചൈനീസ്, കൊറിയൻ കമ്പനികൾ വൻതോതിൽ 5 ജി ഡൗൺലോഡ് ഉപകരണങ്ങളുമായി വരികയാണ്. അതോടെ പ്രൊജക്റ്റർ ഇല്ലാതാകും. അവർ കൂട്ടത്തോടെ തിയറ്ററുകൾ പാട്ടത്തിനെടുക്കും. പലയിടത്തും വൻകിടക്കാരുടെ കൈകളിലേക്കു തിയറ്ററുകൾ എത്തിക്കഴിഞ്ഞു.

അതു വരുന്നതോടെ നമ്മുടെ സിനിമ തിയറ്ററിൽ വേണോ ഒടിടിയിൽ വേണോ എന്ന് അവർ തീരുമാനിക്കും. അതിലൊരു അപകടമുണ്ട്. ഒരാളുടെ സിനിമ രാജ്യത്തെ ഒരു തിയറ്ററിലും കളിക്കേണ്ട എന്നു കമ്പനികൾ തീരുമാനിക്കുന്ന കാലം വിദൂരത്തല്ല- മഹേഷ് വ്യക്തമാക്കി.

മാലികിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി ചിത്രത്തിലെ നായകൻ കൂടിയായ നടൻ ഫഹദ് ഫാസിൽ. രംഗത്തെത്തി. മാലിക് ഒരു മലയാളിയുടെ കഥയാണെന്നും മറ്റു മലയാളികൾ കണ്ടിരിക്കേണ്ട ചിത്രമാണ് അതെന്നും ഫഹദ് ഫാസിൽ പ്രതികരിച്ചു.

കേരളത്തിലെ ഒരു കടലോര ഗ്രാമത്തിൽ നടക്കുന്ന കഥ പറഞ്ഞ 'മാലിക്' ഒ.ടി.ടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ വലിയ തരത്തിലുള്ള രാഷ്ട്രീയ ചർച്ചയാണ് ഉയർത്തിവിട്ടത്. കുപ്രസിദ്ധമായ ബീമാപള്ളി വെടിവെപ്പിനെ പറ്റി സൂചിപ്പിക്കുന്ന ചിത്രം, ചരിത്രവസ്തുതകൾ വളച്ചൊടിച്ചതായും, സിനിമക്കുവേണ്ടി കൂട്ടക്കൊലയെ വക്രീകരിച്ച് കാണിച്ചതായും വിമർശനം ഉയർന്നിരുന്നു. ബീമാപള്ളി വെടിവെപ്പിന്റെ പശ്ചാതലത്തിൽ ഒരുക്കിയ ചിത്രം പക്ഷേ, വെടിവെപ്പിന് ഇരയായവരോട് നീതി പുലർത്തിയില്ല എന്നും വിമർശനമുണ്ട്.

എന്നാൽ സിനിമ സാങ്കൽപ്പിക കഥയാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ ഏതെങ്കിലും സ്ഥലത്തിന്റെയോ വ്യക്തികളുടെയോ പേര് പറയുന്നില്ലെന്നും ഒരു ഓൺലൈൻ സൈറ്റിൽ അദ്ദേഹം പറഞ്ഞു. എന്നാൽ സിനിമയെ ബീമാപള്ളി വെടിവെപ്പുമായി ബന്ധിപ്പിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്‌ച്ചപ്പാടാണെന്നും സംവിധായകൻ പ്രതികരിച്ചു.