കൊച്ചി: ഒടിടി റിലീസില്ലാതെ ഫഹദ് ചിത്രം മാലിക് നേരിട്ട് തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.പെരുന്നാൾ റിലീസായാണ് മാലിക് തീയെറ്ററിൽ എത്തുക. 2021 മെയ് 13ന് ചിത്രം തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി. യൂ സർട്ടിഫിക്കറ്റാണ്.

പീരിയഡ് ഗണത്തിൽപെടുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. അൻപത്തി യഞ്ചുകാരൻ സുലൈമാൻ മാലിക് ആയാണ് ഫഹദ് സിനിമയിൽ എത്തുന്നത്. ഇരുപത് വയസ് മുതൽ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനി മ. ചിത്രത്തിനായി ഗംഭീരമായ മേക്കോവറാണ് ഫഹദ് നടത്തിയത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സംഗീതം . ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്.