ന്യൂഡൽഹി: കോവിഡ് വാക്സിൻ സംസ്ഥാനത്തിന് വിതരണം ചെയ്യാൻ തയ്യാറാണെന്നറിയിച്ച മാൾട്ടയിലെ കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി ഹരിയാണ സർക്കാർ. റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിൻ വിതരണം ചെയ്യാമെന്നറിയിച്ച മാൾട്ടയിലെ ഫാർമ റെഗുലേറ്ററി സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ചുള്ള വിശദ വിവരം തേടിയാണ് ഹരിയാണ കേന്ദ്രത്തിന് കത്തെഴുതിയത്.

വാക്സിൻ വിതരണത്തിനായി ഹരിയാണ ആഗോളതലത്തിൽ ടെൻഡർ ക്ഷണിച്ചതിനെ തുടർന്നായിരുന്നു പ്രസ്തുത കമ്പനിയുടെ പ്രതികരണം. ടെൻഡർ അനുവദിച്ചാൽ മുപ്പത് ദിവസത്തിനുള്ളിൽ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ കമ്പനി വിതരണം ചെയ്യുമെന്നും തുടർന്ന് ഓരോ 20 ദിവസക്കാലയളവിൽ പത്ത് ലക്ഷം ഡോസ് വീതം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതായി ഹരിയാണ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഒരു ഡോസ് വാക്സിന് 1,120 രൂപയാണ് കമ്പനി വിലയായി ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ്-19 വാക്സിൻ വിതരണത്തിനായി ആഗോള ടെൻഡർ ക്ഷണിച്ചതായും തുടർന്ന് മാൾട്ടയിലെ ഫാർമ റെഗുലേറ്ററി സർവീസസ് ലിമിറ്റഡ് എന്ന കമ്പനി താത്പര്യം പ്രകടിപ്പിച്ചതായും കത്തിൽ പറയുന്നു. കമ്പനിയുടെ ഈ രംഗത്തെ മുൻകാലപരിചയത്തെ കുറിച്ചും കമ്പനിയുടെ പ്രവർത്തനങ്ങളിലെ സത്യസന്ധതയെ കുറിച്ചും വിലയിരുത്താൻ സഹായിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കമ്പനി താത്പര്യമറിയിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് അറോറ അറിയിച്ചു. 60 ദശലക്ഷം ഡോസ് വാക്സിൻ എത്തിക്കാമെന്ന് കമ്പനി ഓഫർ നൽകിയതായും ഇക്കാര്യം സഭയുടെ പരിഗണനയ്ക്ക് വെക്കുമെന്നും മന്ത്രി അനിൽ വിജ് ട്വീറ്റ് ചെയ്തു.

രാജ്യത്തെ വാക്സിൻ ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ വാക്സിൻ വിതരണത്തിനുള്ള ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വാക്സിൻ വിതരണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയ പ്രഖ്യാപനത്തെ തുടർന്ന് വിതരണത്തിനുള്ള വാക്സിൻ ലഭ്യമാക്കാനുള്ള തിരക്കിലാണ് സംസ്ഥാനങ്ങൾ. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് കേന്ദ്രസർക്കാർ സൗജന്യമായി വാക്സിൻ അനുവദിച്ചിട്ടുള്ളത്.