കണ്ണൂർ. കെ.സുധാകരനെതിരെ വീണ്ടും ആഞ്ഞടിച്ച് മമ്പറം ദിവാകരൻ കണ്ണൂർ ഡി.സി.സി ഓഫിസിനും കെ.കരുണാകരന്റെ സ്മാരക ട്രസ്റ്റിന്റെ പേരിൽ ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാനും വേണ്ടി ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിടെയെന്ന് കെ.സുധാകരൻ വ്യക്തമാക്കണമെന്ന് കെപിസിസി എക്‌സിക്യൂട്ടിവ് അംഗം മമ്പറം ദിവാകരൻ ചോദിച്ചു.

പണ്ടത്തെ ഡി.സി.സി. പ്രസിഡന്റായിരുന്ന എൻ. രാമകൃഷ്ണൻ പ്രവർത്തകരിൽ നിന്ന് ഓരോ രൂപ സംഭാവന വാങ്ങിയാണ് കണ്ണൂരിൽ ഡി.സി.സിക്ക് ആസ്ഥാന മന്ദിരമുണ്ടാക്കിയത്. അത് പുതുക്കിപ്പണിയാൻ പൊളിച്ചിട്ടിട്ട് ഒൻപതു വർഷമായി. എത്രയോ തവണ പിരിച്ചിട്ടും കെട്ടിടം ഉയരുന്നില്ല. കെട്ടിടം പൂർത്തിയാകാൻ ഇനിയും മുപതു ലക്ഷം വേണമെന്നാണ് പറയുന്നത്. അപ്പോൾ പലതവണയായി പിരിച്ചെടുത്തതുകയെല്ലാം എവിടെപ്പോയെന്ന് മമ്പറം ദിവാകരൻ ചോദിച്ചു. ചിറക്കൽ സ്‌കൂൾ വാങ്ങാൻ സുധാകരന്റെ നേതൃത്വത്തിൽ ഗൾഫിൽ നിന്നുൾപ്പെടെ 30 കോടി രൂപയാണ് പിരിച്ചത്. എന്നാൽ സ്‌കൂൾ സിപിഎം നിയന്ത്രിത സഹകരണ ബാങ്കാണ് വാങ്ങിയത്. എന്നാൽ പിന്നീട് പിരിച്ച കോടികളുടെ കാര്യത്തിൽ യാതൊരു വിവരവുമുണ്ടായില്ലെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയാൽ കേരളത്തിൽ പാർട്ടിയില്ലാതാകുമെന്ന് മമ്പറം ദിവാകരൻ ആരോപിച്ചു.

തോറ്റതിന്റെ ഉത്തരവാദിത്വമെല്ലാം മുല്ലപ്പള്ളിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ബോധപൂർവ്വമാണ്. ഇതിനു പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം. തെരഞ്ഞെടുപ് പരാജയത്തിൽ മുല്ലപ്പള്ളിയുടെതുപ്പോലെ തന്നെ ഉത്തരവാദിത്വം വർക്കിങ് പ്രസിഡന്റായ കെ.സുധാകരനുമുണ്ട്. സുധാകരന്റെ കണ്ണൂർ പാർട്ടിയിലെ അപ്രമാദിത്വം കോൺഗ്രസിനെ നശിപിക്കുകയാണ് ചെയ്തത്. എതിർത്തവരെയെല്ലാം സുധാകരൻ അടിച്ചൊതുക്കി. ഡി.സി.സി അംഗം പുഷ്പരാജിന്റെ കാൽ അടിച്ചു തകർത്തതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടിൽ കേരളത്തിലെ ഒരു പ്രവർത്തകനും കെ.സുധാകരനെ കെപിസിസി. പ്രസിഡന്റാക്കണമെന്ന് പറയില്ലെന്നും മമ്പറം ദിവാകരൻ ചുണ്ടിക്കാട്ടി.