കൊച്ചി: മമ്മൂട്ടി ആരാധകരെ ഏറെ ത്രസിപ്പിച്ച ചിത്രമാണ് ബിഗ് ബി. ഈ സിനിമയുടെ രണ്ടാം ഭാഗമായി ബിലാൽ എത്തുന്നു എന്ന സന്തോഷത്തിലാണ് മമ്മൂട്ടി ആരാധകർ. എന്നാൽ, ബിലാലിന് മുമ്പായി എത്തുന്നത് മറ്റൊരു മമ്മൂട്ടി ചിത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. അമൽ നീരദ് മെഗാ സ്റ്റാറിനെ നായകനാക്കിയൊരുക്കുന്ന പുതിയ ചിത്രം 'ഭീഷ്മ പർവ്വം' ഇന്ന് പ്രഖ്യാപിച്ചു.

കറുത്ത ജുബ്ബയും മുണ്ടും ധരിച്ച് കസേരയിൽ കാലിന്മേൽ കാൽ കയറ്റിവെച്ചിരിക്കുന്ന മമ്മൂട്ടിയുടെ മെഗാ മാസ്സ് ചിത്രമുള്ള ഒരു പോസ്റ്റർ അദ്ദേഹം തന്നെയാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മുടി നീട്ടി, വലിയ കൊമ്പൻ മീശയും താടിയുമൊക്കെയായി ടെറർ ലുക്കാണ് പോസ്റ്ററിൽ മമ്മൂട്ടിക്ക്.

അമൽ നിരദ് തന്നെയാണ് ചിത്രം നിർമ്മിക്കുക. പോസ്റ്ററിൽ മറ്റ് വിവരങ്ങളൊന്നും തന്നെ നൽകിയിട്ടില്ല. എന്തായാലും പോസ്റ്റിന് താഴെ മമ്മൂട്ടി ഫാൻസ് ആഘോഷം തുടങ്ങിയിട്ടുണ്ട്. ബിലാലിനും മേലെ നിൽക്കുന്ന മാസ് അവതാരപ്പിറവിക്കായി അവർ കാത്തിരിക്കുകയാണ്.