ഏത് വമ്പൻ ഗാഡ്‍ജറ്റും വിപണിയിൽ എത്തിയാൽ ആദ്യം തന്നെ സ്വന്തമാക്കുന്ന പതിവ് തെറ്റിക്കാതെ മെഗാ സ്​റ്റാർ മമ്മൂട്ടി. സംസ്ഥാനത്ത് ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് വിപണിയിലെത്തിയ ഉടനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ മമ്മുക്ക. ഇതോടെ, സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയായി മമ്മൂട്ടി.

ശനിയാഴ്​ചയാണ്​ ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്. ഒക്ടോബർ 13നാണ് ഐഫോൺ 12 സീരിസിൽ നാലു സീരിസുകൾ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാർട്‌ഫോൺ ആണ് ഐഫോൺ 12 സീരിസ്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോമാക്സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളിൽ ഐഫോൺ 12 പ്രോമാക്സ് ലഭ്യമാണ്.

ടെക്നോളജിയോടുള്ള മെഗാ സ്റ്റാറിന്റെ ഇഷ്ടം വാർത്തകളാകാറുണ്ട്. കാറുകൾ, ഫോണുകൾ, ക്യാമറകൾ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളിൽ പെടും. ഇവയെ കുറിച്ചെല്ലാം നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകൾ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ കേരളത്തിൽ ലഭ്യമായ ആദ്യ ദിവസം തന്നെ ആപ്പിൾ ഐഫോൺ 12 പ്രോയും മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു. മമ്മൂട്ടി ഐ ഫോൺ 12 പ്രോ സ്വന്തമാക്കിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.