തിരുവനന്തപുരം: ചലച്ചിത്രലോകത്ത് അൻപത് വർഷം പൂർത്തിയായതിന്റെ ഭാഗമായി സർക്കാർ ആദരിക്കുന്നതിൽ സന്തോഷമെന്ന് നടൻ മമ്മൂട്ടി. തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്നും മമ്മൂട്ടി സർക്കാരിനെ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവർണജൂബിലി ആഘോഷം വിപുലമായി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടൽ. പണച്ചെലവുള്ള പരിപാടികൾ വേണ്ടെന്ന് മമ്മൂട്ടി സർക്കാരിനെ അറിയിക്കുകയായിരുന്നു. സിനിമാമന്ത്രി സജി ചെറിയാനെ മമ്മൂട്ടി ഈ നിലപാടറിയിച്ചു.

സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിയെ സർക്കാർ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു