തിരുവനന്തപുരം: മലയാള സിനിമയ്ക്ക് എന്നെന്നും ഓർമ്മിക്കാവുന്ന നിരവധി അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി മുരളീ ടീമിന്റെത്. ശത്രുക്കളായും സുഹൃത്തുക്കളായും സഹപ്രവർത്തകരായുമൊക്കെ നിരവധി സിനിമകളിൽ ഇവർ ഒരുമിച്ചെത്തി. അമരം പോലുള്ള സിനിമയിലെ രംഗങ്ങൾ മലയാളി മറക്കാത്തതിന്റെ ഒരു കാരണവും ഇ കൂട്ടുകെട്ടിന്റെ ശക്തിയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മുരളിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മമ്മൂട്ടി. മുരളി എന്തിനാണെന്ന് പോലും അറിയാതെ തന്നിൽ നിന്നും അകന്നുപോയതിനെ കുറിച്ചാണ് മമ്മൂട്ടി വാചാലനാകുന്നത്.

എന്തിന് വേണ്ടിയാണ് മുരളി തന്നിൽ നിന്നും അകന്നതെന്ന് അറിയില്ലെന്നും എങ്കിലും ഇന്നും അതൊരു വേദനയായി മനസിന്റെ കോണിൽ കിടക്കുകയാണെന്നും കൈരളിക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നു.ഞാനും മുരളിയും കൂടി അഭിനയിക്കുന്ന സിനിമകൾ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഞങ്ങൾ തമ്മിൽ ശക്തമായ ഒരു ഇമോഷണൽ ലോക്കുണ്ട്. ഞങ്ങൾ ഒരു പടത്തിൽ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ശരി ഒരു ഇമോഷണൽ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും ഇൻസ്പെക്ടർ ബൽറാമിലായാലും അതുണ്ട്.അത്തരത്തിൽ വികാരപരമായി അടുത്ത ആൾക്കാരാണ് ഞങ്ങൾ. ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി. ഞാൻ എന്ത് ചെയ്തിട്ടാ, ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. എനിക്ക് ഭയങ്കരമായിട്ട് ഒരു മിസ്സിങ് മമ്മൂട്ടി പറയുന്നു.

 

എന്തിനായിരുന്നു അതെന്ന് അറിയാൻ കഴിയാത്തതിന്റെ ഒരു വ്യഥ ഇപ്പോഴുമുണ്ട്. എന്തായിരുന്നു എന്നോടുള്ള വിരോധം, അറിയില്ല. എനിക്ക് ആദ്യത്തെ നാഷണൽ അവാർഡ് കിട്ടിയപ്പോൾ ടിവിക്കാർ മുരളിയുടെ അടുത്ത് ചെന്നു. അപ്പോൾ മുരളി പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. മലയാളത്തിന്റെ ക്ലൗസ്‌കിൻസ്‌കിയാണ് മമ്മൂട്ടി. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ഞങ്ങൾ അദ്ദേഹത്തെ കൊണ്ട് സിനിമയിൽ ചെയ്യിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഗ്രേറ്റ് ആക്ടറാണ്. അങ്ങനെയൊക്കെ പറഞ്ഞ ആളാണ് മുരളി.വേറെ എന്തെങ്കിലും കാരണങ്ങളുണ്ടാകാം. പക്ഷേ ഒരുകാര്യവുമില്ല കേട്ടോ. എനിക്കറിയില്ല എന്താണെന്ന്. ഞാനൊന്നും ചെയ്തിട്ടില്ല. ഞാൻ എന്തെങ്കിലും ചെയ്ത് എന്ന് പുള്ളിക്കും അഭിപ്രായം ഉണ്ടാവില്ല. പക്ഷേ എന്നിൽ നിന്നും പെട്ടെന്ന് അകന്നുപോയി. അത്തരത്തിൽ ഒത്തിരിപ്പേർ നമ്മളിൽ നിന്ന് അകന്ന് പോയിട്ടുണ്ട്,' മമ്മൂട്ടി പറയുന്നു.

'ഞാൻ ആർക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാൻ കഴിക്കാത്ത ആളുമാണ്. ഞാൻ ജീവിതത്തിൽ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിന്റേയാണ് മമ്മൂട്ടി പറഞ്ഞ് നിർത്തുന്നത് ഇങ്ങനെയാണ്