തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ 71ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി. തങ്ങൾ ഒരുമിച്ച് അഭിനയിച്ച മണി രത്‌നം ചിത്രം 'ദളപതി'യുടെ ലൊക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകൾ നേർന്നത്. 'സന്തോഷകരമായ ഒരു പിറന്നാൾ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക', ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

അതേസമയം നിരവധി താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുമാണ് സോഷ്യൽ മീഡിയയിലൂടെ രജനിക്ക് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്. കാർത്തിക് സുബ്ബരാജ്, ഡി ഇമ്മൻ, സാക്ഷി അഗർവാൾ, ഹൻസിക, കലൈപ്പുലി എസ് താണു, പ്രേംജി അമരൻ, ശിവകാർത്തികേയൻ, വിഷ്ണു വിശാൽ, സീനു രാമസാമി തുടങ്ങി നിരവധി പേർ പ്രിയ സഹപ്രവർത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. രജനി ആരാധകരും മറ്റു താരങ്ങളുടെ ഫാൻസ് അസോസിയേഷനുകളും രജനിയോടുള്ള തങ്ങളുടെ സ്‌നേഹമറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. . ഇതിനകം രണ്ടര ലക്ഷത്തിലേറെ ട്വീറ്റ് ആണ് ഈ ടാഗിൽ എത്തിയിരിക്കുന്നത്.