കൊല്ലം; യുവതിയുടെ നഗ്‌നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി നെല്ലിക്കമൺ ചെറിയമൂഴി തടത്തിൽ വീട്ടിൽ രാജേഷ്‌കുമാറിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് നഗ്‌നദൃശ്യങ്ങൾ റെക്കോഡ് ചെയ്യുകയായിരുന്നു.

വ്യാജ ഫേസ്‌ബുക് അക്കൗണ്ടിലൂടെയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. തുടർന്നു യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാൾ സമൂഹമാധ്യമത്തിലെ ചാറ്റിലൂടെ നിർബന്ധിച്ചു നഗ്‌നത പ്രദർശിപ്പിച്ചു. യുവതിയുടെ നഗ്‌നദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണിൽ റിക്കോർഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വ്യാജ അക്കൗണ്ടിന്റെ ഐപി അഡ്രസ് വഴിയാണു പ്രതിയെ തിരിച്ചറിഞ്ഞത്.