കൊൽക്കത്ത: മദ്യപിച്ച് മൃ​ഗശാലയിലെത്തിയ ആൾ സിംഹത്തിന്റെ കൂട്ടിൽ കടന്നു. സിംഹത്തിന്റെ ആക്രമണത്തിൽ 40കാരന് ​ഗുരുതര പരിക്കേറ്റെങ്കിലും ജീവനക്കാരുടെ ഇടപെടലിലൂടെ ജീവൻ രക്ഷിക്കനായി. കൊൽക്കത്തയിലെ മൃഗശാലയിലാണ് സംഭവം. തോളിനും കഴുത്തിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാൾ സിംഹത്തിന്റെ കൂടിനു സമീപത്തെ മതിൽ മറികടന്ന് ഉള്ളിൽ എത്തിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ജീവനക്കാർ ഇയാളെ കൂട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിന് മുൻപ് സിംഹം ആക്രമിക്കുകയായിരന്നു. മദ്യപിച്ച് ബോധമില്ലാതായ ഇയാൾ മതിലിന് മുകളിലൂടെ ചാടിക്കടന്ന് സിംഹത്തിന്റെ കൂടിന് സമീപം എത്തുകയായിരുന്നു. സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തുമ്പോഴേക്കും ഇയാൾക്ക് മാരകമായി പരിക്കേറ്റിരുന്നു.

നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരന്നു. സിംഹത്തിന്റെ കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാർ ഇടപെട്ട് രക്ഷിച്ചതിനാൽ അന്ന് വലിയ അപകടം ഒഴിവായിരുന്നു.