ന്യൂഡൽഹി: ജെഇഇ, നീറ്റ് പരീക്ഷകളിൽ മൗനം പാലിച്ച് മോദിയുടെ മൻ കി ബാത്തിന് ഡിസ് ലൈക്കുകളുടെ പെരുമഴ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാതി'ന്റെ ഇത്തവണത്തെ വിഡിയോ ജനം ഡിസ് ലൈക്ക് കൊണ്ട് മൂടുകയായിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യത്തിന്മേൽ അനുകൂല നിലപാട് എടുക്കാത്തതാണ് യൂട്യൂബിലെ വിഡിയോയ്ക്ക് ഡിസ്ലൈക്കുകൾ ലഭിക്കാൻ കാരണം. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിൽ നൽകിയ വിഡിയോയ്ക്കാണ് ഈ 'ദുർഗതി'.


ഈ യൂട്യൂബ് അക്കൗണ്ടിലെ ഏറ്റവും കൂടുതൽ ഡിസ്ലൈക്ക് ലഭിച്ചിരിക്കുന്ന വിഡിയോയും ഇതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.8,41,000 ഡിസ്ലൈക്കുകളാണ് ഈ വിഡിയോയ്ക്കു ഇതുവരെ ലഭിച്ചത്. ആകെ 1,59,000 ലൈക്കുകളേ നേടാൻ കഴിഞ്ഞുള്ളു. 38 ലക്ഷത്തിലധികം വ്യൂസ് ആണ് ഈ പേജിലെ വിഡിയോയ്ക്കു ലഭിച്ചത്. ഞായറാഴ്ച ഇതേ യൂട്യൂബ് അക്കൗണ്ടിലൂടെ വിഡിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക യൂട്യൂബ് പേജ് ആയ പിഎംഒ ഇന്ത്യയിൽ അപ്ലോഡ് ചെയ്ത വിഡിയോയ്ക്ക് 1,38,000 ഡിസ്ലൈക്കുകളും 59,000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഈ പേജിലെ വിഡിയോയ്ക്ക് ലഭിച്ചത് 12,97,293 ലക്ഷം വ്യൂസും.

തന്റെ പ്രതിമാസ പരിപാടിയിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്ന പ്രധാനമന്ത്രി കോവിഡ്, പ്രളയം മൂലം ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ജനവികാരം കണ്ടില്ലെന്നു നടിച്ചതാണ് ഡിസ്ലൈക്കുകളുടെ ബാഹുല്യത്തിന് പ്രധാന കാരണം. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം മൻ കി ബാതിൽ പറഞ്ഞുമില്ല. ഇത് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു. വിഡിയോയ്ക്കു കീഴിലെ പ്രതികരണങ്ങളിലും വിദ്യാർത്ഥികളുടെ പ്രതിഷേധം വ്യക്തമാണ്.

അതിനിടെ, മൻ കീ ബാത്തിനു പിന്നാലെ 'മൻ കീ ബാത് നഹി സ്റ്റുഡന്റ്‌സ് കീ ബാത്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വൈറൽ ആകുകയും ചെയ്തു. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ജെഇഇ മെയിൻ പരീക്ഷകൾ സെപ്റ്റംബർ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിലും.