കണ്ണൂർ: വ്യാജ ഡോക്ടർ ചമഞ്ഞ് പണം തട്ടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നു. സമീപകാലത്താണ് വ്യാജ വനിതാ ഡോക്ടറെ കണ്ണൂരിൽ നിന്നും പിടികൂടിയത്. ഇപ്പോഴിതാ സമാന രീതിയിലുള്ള സംഭവം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കണ്ണൂരിൽ.ഡോക്ടറെന്ന വ്യാജേന ജനങ്ങളെ പറ്റിച്ച് യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ.ഒടുവിൽ യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സത്യങ്ങൾ പുറത്ത് വരുന്നത്.

കണ്ണൂർ ജില്ലയിലെ പിലാത്തറ സ്വദേശി 29 കാരനായ നജീബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സംശയം തോന്നിയ പയ്യന്നൂ കണ്ടങ്കാളിയിലെ യുവതി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്.

വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് 6 ലക്ഷം രൂപയാണ് ഇവരിൽ നിന്നും ഇയാൾ ഈടാക്കിയത്. പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. നജീബ് പിലാത്തറയിൽ സർവീസ് സ്റ്റേഷൻ നടത്തുകയാണ്.കൂടുതൽ അന്വേഷണം നടക്കുന്നതായി പരിയാരം പൊലീസ് അറിയിച്ചു.