മാഹി: പോസ്റ്റ്‌മോർട്ടം ടേബിളിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചു വന്ന കൊച്ചി സ്വദേശി മാഹി പുത്തലത്ത് താമസിക്കുന്ന അബ്ദുൽ ജബ്ബാർ (76) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അരനൂറ്റാണ്ട് മുൻപ് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പുണെയ്ക്കടുത്തു നടന്ന അപകടത്തിൽ അബ്ദുൽ ജബ്ബാർ മരിച്ചതായി ആദ്യം ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന്റെ ഭാഗമായി തലയോട്ടിയിൽ ഏറ്റ ആദ്യത്തെ അടിയിൽ, അബ്ദുൽ ജബ്ബാറിന്റെ കൈവിരൽ ചലിച്ചതായി ഡോക്ടർ കണ്ടെത്തുകയും അടിയന്തര ചികിത്സ നൽകി ജീവൻ രക്ഷിക്കുകയും ചെയ്യുകയായിരുന്നു. തലയോട്ടിയിൽ അന്നേറ്റ അടിയിൽ, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

ഭാര്യ: ന്യൂമാഹി കുന്നംകുളം ഹൗസിൽ സാബിറ. മക്കൾ: ഷുഹൈബ്, ജാബിർ (കുവൈറ്റ്), ജസീറ.