കൊച്ചി: നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 405.44 കോടി രൂപയുടെ അറ്റാദായം നേടി. ഒന്നാം പാദത്തിലെ 367.97 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിലെ ലാഭം 10.2 ശതമാനം വർധിച്ചു. ഉപസ്ഥാപനങ്ങളെ മാറ്റി നിർത്തിയുള്ള കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ 336.17 കോടിയുമായുള്ള താരതമ്യത്തിൽ 20.6 ശതമാനം വർധിച്ച് 405.56 കോടി രൂപയിലെത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 9.9 ശതമാനം വർധന.

കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 16.6 ശതമാനം വർധിച്ച് 1,565.58 കോടി രൂപയായി. മുൻ വർഷം 1,343.03 കോടി രൂപയായിരുന്നു. കമ്പനിയുടെ സംയോജിത ആസ്തി മുൻ വർഷത്തെ 22,676.93 കോടിയിൽ നിന്ന് 18.6 ശതമാനം വർധിച്ച് ഇത്തവണ 26,902.73 കോടി രൂപയിലെത്തി.

തൃശൂരിലെ വലപ്പാട് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഫലം പരിഗണിക്കുകയും, രണ്ടു രൂപ മുഖവിലയുള്ള ഓഹരിക്ക് 0.60 രൂപ ഇടക്കാല ലാഭവിഹിതം നൽകുന്നതിനു അംഗീകാരം നൽകുകയും ചെയ്തു.

'ഗ്രാമീണ മേഖലകളിലെ തിരിച്ചുവരവിന്റെ പിൻബലത്തിൽ രാജ്യത്തുടനീളം സാമ്പത്തിക ക്രയവിക്രയങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരുമ്പോൾ സ്വർണ വായ്പാ രംഗത്ത് ഡിമാൻഡും കരുത്താർജ്ജിച്ചിരിക്കുകയാണ്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടേയും മികവുറ്റ ഓൺലൈൻ സ്വർണ വായ്പാ പ്ലാറ്റ്ഫോമിന്റേയും സഹായത്തോടെ ഞങ്ങൾക്ക് സ്വർണ വായ്പാ വളർച്ച കരുത്തോടെ നിലനിർത്താൻ കഴിഞ്ഞു,' രണ്ടാം പാദ സാമ്പത്തിക ഫലങ്ങളെ കുറിച്ച് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ പറഞ്ഞു.

കമ്പനിയുടെ സ്വർണ വായ്പാ ബിസിനസിൽ 30.1 ശതമാനം കുതിച്ചുയർന്ന് 19,736.02 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 15,168.34 കോടി ആയിരുന്നു. 2020 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 25.6 ലക്ഷം സ്വർണ വായ്പാ ഉപഭോക്താക്കൾ കമ്പനിക്കുണ്ട്.

മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാൻസ് സ്ഥാപനമായ ആശിർവാദ് മൈക്രോഫിനാൻസിന് നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 4,971.03 കോടി രൂപയുടെ ആസ്തി നേടി. മുൻ വർഷം ഇതേ പാദത്തിലെ 4,724.25 കോടി രൂപയിൽ നിന്ന് 5.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1,036 ശാഖകളും 23.04 ലക്ഷം ഉപഭോക്താക്കളുമുള്ള ആശീർവാദ് മൈക്രോഫിനാൻസ് ഇന്ന് ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ- മൈക്രോഫിനാൻസ് സ്ഥാപനമാണ്.

കമ്പനിയുടെ ഭവന വായ്പാ സ്ഥാപനമായ മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ആസ്തി 620.62 കോടി രൂപയും, (കഴിഞ്ഞ വർഷമിത് 567.93കോടി ) വാഹന വായ്പാ വിഭാഗത്തിന്റെ ആസ്തി 1,062.28 കോടി രൂപയുമാണ് (കഴിഞ്ഞ വർഷമിത് 1317.76കോടി )ഗ്രൂപ്പിന്റെ സംയോജിത ആസ്തിയിൽ സ്വർണവായ്പാ ഇതര സ്ഥാപനങ്ങളുടെ പങ്ക് 26.6 ശതമാനമാണ്.

ഉപസ്ഥാപനങ്ങളെ മാറ്റി നിർത്തിയുള്ള കമ്പനിയുടെ കടമെടുക്കൽ ചെലവ് 26 ബേസിസ് പോയിന്റുകൾ കുറഞ്ഞു 9.13 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.11 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനവുമാണ്. കമ്പനിയുടെ സംയോജിത മൂല്യം 6,450.83 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 76.24 രൂപയും മൂലധന പര്യാപ്തതാ അനുപാതം 24.8 ശതമാനവുമാണ്. എല്ലാ ഉപസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 24,735 കോടി രൂപയാണ്. ഇന്ത്യയിൽ ഉടനീളം സാന്നിധ്യമുള്ള മണപ്പുറം ഗ്രൂപ്പിന് 50.02 ലക്ഷം ഉപഭോക്താക്കളാണുള്ളത്.