മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിക്കും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്കുമാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി ബി.മനുവാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

എൻ.സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് സെപ്റ്റംബർ 27ന് മരിച്ചത്. സംഭവം നടന്ന് മൂന്ന് മാസത്തോളമായിട്ടും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഇതേ തുടർന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ ശ്രീവാസ്തവ സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തയച്ചിരുന്നു. വനിതാ കമ്മീഷൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാർ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. പ്രസവ വേദന ഉണ്ടെന്ന് അറിയ്ച്ചിട്ടും ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മഞ്ചേരി മെഡിക്കൽ കോളജിലെ കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എൻ.സി ഷെരീഫ് ഒക്ടോബർ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായിട്ടില്ല.

മലപ്പുറം ജില്ലാ കലക്ടർ നേരത്തെ കുട്ടികളുടെ പിതാവിൽ നിന്ന് മൊഴി എടുത്തിരുന്നു. ചികിത്സാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എംപി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. അടിയന്തിര അന്വേഷണത്തിന് നിർദ്ദേശം നൽകിയ സർക്കാർ നടപടിയിൽ പ്രതീക്ഷയുണ്ടെന്ന് കുട്ടികളുടെ മാതാവ് സഹല തസ്നീം പറഞ്ഞു.