ദുബായ്: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റ് കളിക്കാൻ ഇന്ത്യ വിമുഖത കാട്ടിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. മത്സരത്തിന് ഇറങ്ങാൻ വിമുഖത കാട്ടിയതിനു താരങ്ങളെ കുറ്റം പറയാനാകില്ലെന്നും കോവിഡ് സ്ഥിരീകരിച്ച ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി വളരെ അടുത്ത് ഇടപഴകിയിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

'താരങ്ങളെ കുറ്റം പറയാനാകില്ല. ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. നിതിൻ പട്ടേൽ കൂടി ക്വാറന്റീനിലായതോടെ താരങ്ങളുമായി പാർമറാണ് ഇടപഴകിയത്. അദ്ദേഹമാണു താരങ്ങൾക്കു മസാജ് ചെയ്തു നൽകിയിരുന്നത്. താരങ്ങളുടെ കോവിഡ് പരിശോധന പോലും അദ്ദേഹമാണു നടത്തിയത്. പാർമർ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതോടെ ഡ്രസിങ് റൂം ഞെട്ടിത്തരിച്ചു.

തങ്ങൾക്കും കോവിഡ് പിടിപെട്ടിരിക്കുമെന്നു താരങ്ങൾ കരുതി. എല്ലാവരും ഭയന്നുപോയി. ബയോ ബബിളിൽ എല്ലാ സമയവും ചെലവഴിക്കുക എന്നത് ഒട്ടും എളുപ്പമല്ല. താരങ്ങളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം.' ഗാംഗുലി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

അവസാന ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎൽ കാരണമല്ലെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. കോവിഡ് ഭീതി കാരണം താരങ്ങൾ പിന്മാറിയതാണ് മത്സരം റദ്ദാക്കാൻ കാരണം. ഉത്തരവാദിത്വമില്ലാത്ത ക്രിക്കറ്റ് ബോർഡല്ല ബിസിസിഐ. മറ്റ് ബോർഡുകൾക്കും വിലകൽപിക്കുന്നതായും ദാദ വ്യക്തമാക്കി.

ഓൾഡ് ട്രഫോർഡിൽ നടക്കേണ്ടിരുന്ന അഞ്ചാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഉപേക്ഷിക്കുകയായിരുന്നു. അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പർമാറിനും രോഗം പിടിപെട്ടതോടെ ഇന്ത്യൻ സംഘത്തിൽ രോഗം ബാധിച്ച സപ്പോർട്ട് സ്റ്റാഫുകളുടെ എണ്ണം നാലായിരുന്നു. മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പടെയുള്ളവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതോടെ ഇന്ത്യൻ താരങ്ങൾ ദുബായിൽ വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്കൊപ്പം ചേർന്നു. സെപ്റ്റംബർ 19നു ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും.

അതേ സമയം കോവിഡ് ഭീതിയെത്തുടർന്ന് അനിശ്ചിതകാലത്തേക്കു റദ്ദാക്കിയ ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഭാവി ഇനി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കും. ടെസ്റ്റിന്റെ ഫലം സംബന്ധിച്ച് യോജിച്ചുള്ള തീരുമാനത്തിലെത്താൻ ഇരു ബോർഡുകൾക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തീരുമാനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ഐസിസിക്കു കത്തെഴുതി.

മത്സരത്തിൽ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കിൽ തങ്ങൾക്ക് ഇൻഷുറൻസ് തുക അവകാശപ്പെടാൻ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോർഡിന്റെ വാദം. മത്സരം ഉപേക്ഷിച്ചാൽ തങ്ങൾക്കു 4 കോടി പൗണ്ടിന്റെ (ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നും അവർ പറയുന്നു.

രണ്ടു തവണ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നിട്ടും ഇന്ത്യൻ താരങ്ങൾ മത്സരത്തിന് തയാറായില്ലെന്നാണു കത്തിൽ പറയുന്നത്. എന്നാൽ, മത്സരം ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാന്നു ബിസിസിഐയുടെ നിലപാട്. കൂടാതെ അടുത്ത വർഷം ഏകദിന ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു ടെസ്റ്റ് കൂടി ഉൾപ്പെടുത്താമെന്നും ബിസിസിഐ അറിയിച്ചിരുന്നു.