ലണ്ടൻ: ഇംഗ്ലണ്ടിൽ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫ് അംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ മുഴുവൻ ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കിയത്. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് വെള്ളിയാഴ്ച മഞ്ചസ്റ്ററിൽ നടക്കുമെന്ന് ഉറപ്പായി.

ഓവലിലെ നാലാം ടെസ്റ്റിനിടെ കോവിഡ് പോസിറ്റീവായ കോച്ച് രവി ശാസ്ത്രി, ശാസ്ത്രി സമ്പർക്കം പുലർത്തിയ ബൗളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധർ എന്നിവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം അടുത്ത സമ്പർക്കം പുലർത്തിയ ടീം ഫിസിയോ നിതിൻ പട്ടേലിന് കോവിഡ് ഇല്ലെങ്കിലും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.

പിന്നാലെ ഇന്ത്യൻ ടീമിന്റെ ജൂനിയർ ഫിസിയോ ആയ യോഗേഷ് പാർമറിനും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ഇന്ത്യൻ ടീമിന്റെ പരിശീലന സെഷൻ ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യൻ താരങ്ങളെ മുഴുവൻ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാനുള്ള നീക്കത്തിലായിരുന്നു ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. മത്സരം നടക്കുന്ന കാര്യം ഉറപ്പില്ലെന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. എന്നാൽ ഇന്ത്യൻ താരങ്ങളുടെ പരിശോധനഫലം നെഗറ്റീവായതോടെ മത്സരം നടക്കുമോ എന്ന കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങി.

അഞ്ച് മത്സര പരമ്പരയിൽ നിലവിൽ 2-1നു മുന്നിട്ടു നിൽ ക്കുകയാണ് ഇന്ത്യ. ട്രെന്റ് ബ്രിജിലെ ആദ്യ ടെസ്റ്റ് സമനിലയിലായപ്പോൾ ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യ ജയിച്ചു. മൂന്നാം ഹെഡിങ്ലിയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്‌സിനും 76 റൺസിനു കീഴടക്കിയത്. എന്നാൽ ഓവലിൽ ഇംഗ്ലണ്ടിനെ 157 റൺസിന് തോൽപ്പിച്ച് ഇന്ത്യ മുന്നിലെത്തി.