ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ പകുതിയിൽ പിന്നിട്ടുനിന്ന ശേഷം പൊരുതി നേടിയ ജയവുമായി മാഞ്ചസ്റ്റർ യുനൈഡ്. ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിൽ ഒരു ഗോൾ പിറകിൽ നിന്ന ശേഷം 3-1ന്റെ ജയമാണ് മാഞ്ചസ്റ്റർ സ്വന്തമാക്കിയത്. 24-ാം മിനിറ്റിൽ ബെർട്രാൻഡ് ട്രായോറെയുടെ ഗോളിലൂടെ ആസ്റ്റൺ വില്ല മുന്നിലെത്തി. ആദ്യ പകുതി ഇതേ സ്‌കോറിൽ അവസാനിക്കുകയായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് ഏഴ് മിനിറ്റുകൾക്കകം മാഞ്ചസ്റ്റർ തിരിച്ചടിച്ചു. 52-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് മുൻ ചാംപ്യന്മാരെ ഒപ്പമെത്തിക്കുകയായിരുന്നു. നാല് മിനിറ്റിന് ശേഷം യെൈുനറ്റഡ് ലീഡെടുത്തു. മേസൺ ഗ്രീൻവുഡാണ് ഗോൾ നേടിയത്. 87-ാം മിനിറ്റിൽ എഡിസൺ കവാനി യുനൈറ്റഡിന്റെ വിജയം പൂർത്തിയാക്കി. ഹെഡ്ഡറിലൂടെയായിരുന്നു കവാനിയുടെ ഗോൾ.

യുനൈറ്റഡിന്റെ വിജയം മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടധാരണം വീണ്ടും വൈകിപ്പിച്ചു. ജയത്തോടെ 34 മത്സരങ്ങളിൽ 70 പോയിന്റായി യുനൈറ്റഡിന്. സിറ്റിക്ക് 35 മത്സരങ്ങളിൽ 80 പോയിന്റാണുള്ളത്. ലെസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവർക്കെതിരെ യുനൈറ്റഡിന് മത്സരങ്ങളുണ്ട്. 

ലീഗിലെ മറ്റൊരു മത്സരത്തിൽ വോൾവ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണെ തോൽപ്പിച്ചു. ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് സതാംപ്ടണെ മറികടന്നിരുന്നു.

 ശനിയാഴ്‌ച്ച ന്യൂകാസിലിനെ തോൽപ്പിച്ചാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം.