മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മൂന്ന് മുന്നണികളുടെയും പ്രചാരണം മുന്നേറുമ്പോൾ നില മെച്ചപ്പെടുത്തി എൽ ഡി എഫ്. യുഡിഎഫും എൻഡിഎയുമാണ് മത്സരമെന്ന് ആദ്യഘട്ടത്തിൽ യുഡിഎഫ് നേതാക്കൾ പറഞ്ഞെങ്കിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പൈവളിഗെ, മംഗൽപാടി കുമ്പള പഞ്ചായത്തുകളിൽ വോട്ടർമാരെ എൽഡിഎഫിന് സ്വാധീനിക്കാൻ സാധിച്ചത് യുഡിഎഫിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ്.

വികസനം മാലിന്യപ്രശ്‌നങ്ങൾ, ആശുപത്രി, കോളേജ് തുടങ്ങി മഞ്ചേശ്വരം നേരിടുന്ന എല്ലാ ദുരിതങ്ങളും ചർച്ചയാക്കാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ടങ്കിലും യു ഡി എഫിന്ന് കൃത്യമായ മുദ്രാവാക്യങ്ങൾ ഉയർത്താൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതിൽ മംഗൽപാടി പഞ്ചായത്തിലെ വോട്ടർമാർക്കിടയിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നത്. നേരത്തെ വികസനവുമായി ബന്ധപ്പെട്ടും പരാതികൾ ഉന്നയിച്ചവരെ യുഡിഎഫ് നേതൃത്വം അപമാനിച്ചിരുന്നു എന്ന വികാരം ഇവിടെ നിലനിൽക്കുന്നുണ്ട്. മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെടുപ്പിൽ യുഡിഎഫിനെക്കാളും വെറും 4000 വോട്ടിനാണ് എൽഡിഎഫ് പിന്നിൽ നിൽക്കുന്നത്.

പിണറായി വിജയന്റെ പ്രതിച്ഛായ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് ഒരു വസ്തുത തന്നെയാണ്. വി വി രമേശൻ എന്ന സ്ഥാനാർത്ഥിയെ മഞ്ചേശ്വരത്ത് രംഗത്തിറക്കിയത് തന്നെ വികസന കാഴ്ചപ്പാടോടെയാണ്. നിലവിലെ സർവേകൾ പ്രകാരം ബിജെപിയുടെ കെ സുരേന്ദ്രൻ വിജയിക്കുമെന്ന് പുറത്തുവന്നിട്ടും യുഡിഎഫിനെ പിന്തുണക്കാൻ ചെറു പാർട്ടികൾ തയ്യാറായിട്ടില്ല എന്നുള്ളത് ഗൗരവമായ കാര്യമാണ്.

നേരത്തെ എസ്ഡിപിഐ നേതാക്കളെ അപഹസിച്ചതും പരിഹസിച്ചതും ഇപ്പോൾ പ്രതികൂലമായി മാറിയിരിക്കുകയാണ്. നിലവിലെ സർവേകൾ പ്രകാരം വോട്ട് മൂന്നു മുന്നണികളും തമ്മിൽ ഒന്നു മുതൽ 2 ശതമാനം മാത്രമാണ് വോട്ടിങ് വ്യത്യാസം രേഖപ്പെടുത്തുന്നത്. അതേ സമയം മഞ്ചേശ്വരത്ത് പ്രബല വിഭാഗമായ മംഗലാപുരം രൂപതയുടെ കീഴിലുള്ള ക്രിസ്ത്യൻ വിഭാഗം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും യുഡിഎഫിലും എൻ ഡിഎയിലും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്.7000 മുതൽ എട്ടായിരം വോട്ട് വരെ ഈ വിഭാഗത്തിന് മണ്ഡലത്തിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് . നേരത്തെ ഈ വിഭാഗത്തിലെ വോട്ടുകൾ നേടിയിരുന്നത് യുഡിഎഫായിരുന്നു. രണ്ടു മുന്നണികളെയും അട്ടിമറിച്ച് എൽഡിഎഫ് തിലകക്കുറി ചാർത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.