ടോക്യോ: ടേബിൾ ടെന്നീസിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ത്യയുടെ ടേബിൾ ടെന്നീസ് പ്രതീക്ഷയായിരുന്ന വനിതാതാരം മണിക ബത്ര മൂന്നാം റൗണ്ടിൽ പുറത്തായി. ഓസ്ട്രിയയുടെ സോഫിയ പോൾകനോവയാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. സ്‌കോർ: 11-8, 11-2, 11-5, 11-7

നേരിട്ടുള്ള സെറ്റുകൾക്കാണ് ബത്രയുടെ തോൽവി. ഒരു സെറ്റിൽ പോലും ആധിപത്യം പുലർത്താൻ ബത്രയ്ക്ക് സാധിച്ചില്ല.ആദ്യ രണ്ട് റൗണ്ടുകളിൽ പുറത്തെടുത്ത മികവ് പോൾകനോവയ്ക്കെതിരേ ബത്രയ്ക്ക് പുറത്തെടുക്കാനായില്ല. നേരത്തേ മിക്സഡ് ഡബിൾസ് മത്സരത്തിലും താരം പുറത്തായിരുന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ സുതീർത്ഥ മുഖർജിയും പുറത്തായിരുന്നു.

അതേസമയം പുരുഷ വിഭാഗത്തിൽ സിംഗിൾസിൽ ഇന്ത്യയുടെ ശരത് കമൽ അജന്ത മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പോർച്ചുഗലിന്റെ ടിയാഗോ അപൊലോണിയയെ കീഴടക്കിയാണ് ശരത് കമൽ മൂന്നാം റൗണ്ടിലേക്ക് കടന്നത്.രണ്ടിനെതിരേ നാല് സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. മത്സരം ആറ് സെറ്റുകൾ കൊണ്ട് അവസാനിച്ചു. സ്‌കോർ: 2-11, 11-8, 11-5, 9-11,11-6, 11-9

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ശരത് കമൽ രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. നാലാം സെറ്റിൽ പോർച്ചുഗീസ് താരം തിരിച്ചടിച്ചെങ്കിലും പരിചയസമ്പത്തിന്റെ ബലത്തിൽ അഞ്ചും ആറും സെറ്റുകളിൽ വിജയിച്ച് ശരത് കമൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

ടേബിൾ ടെന്നീസ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് ശരത് കമൽ. മറ്റൊരു ഇന്ത്യൻ താരമായ സത്തിയൻ ജ്ഞാനശേഖരൻ ഇന്നലെ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു.