കൽപറ്റ: ബിജെപിക്ക് കനത്ത തിരിച്ചടി. മാനന്തവാടിയിൽ ബിജെപി സ്ഥാനാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് തന്നെ അറിയിക്കാതെയാണെന്നും താൻ ബിജെപി അനുഭാവിയല്ലെന്നും മണികണ്ഠൻ അറിയിച്ചു.

സ്ഥാനാർത്ഥിയാകാമോ എന്ന് ചോദിച്ച് ബിജെപി ജില്ല കമ്മറ്റി നേതാക്കൾ വിളിച്ചിരുന്നു. ആലോചിച്ച് പറയാമെന്നാണ് പറഞ്ഞത്. എന്നാൽ താൻ മറുപടി നൽകുന്നതിന് മുമ്പ് തന്നെ ബിജെപി തന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് വീട്ടിലിരുന്ന് വാർത്ത കാണുമ്പോഴാണ് താൻ സ്ഥാനാർത്ഥിയായ വിവരം അറിയുന്നത്.

മണിക്കുട്ടൻ എന്ന പേര് കണ്ടപ്പോൾ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ പിന്നീട് ബിജെപി നേതാക്കൾ വിളിച്ചപ്പോഴാണ് താനാണ് സ്ഥാനാർത്ഥി എന്നറിയുന്നത്. ഞാൻ ബിജെപി അനുഭാവിയല്ല. സ്ഥാനാർത്ഥിയാകാൻ താൽപര്യവുമില്ല. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി ചെയ്ത് കുടുംബത്തോടൊപ്പം കഴിയാനാണ് താൽപര്യം.

പണിയ വിഭാഗത്തിൽ നിന്നും ഒരാളെ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. എങ്കിലും ബിജെപിയുടെ ആ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണികണ്ഠൻ പറഞ്ഞു. പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ എംബിഎക്കാരനാണ് 31കാരനായ മണികണ്ഠൻ. മാനന്തവാടി എടവക സ്വദേശിയാണ്. വെറ്റിനറി യൂണിവേഴ്സിറ്റിയിൽ ടീച്ചിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണിപ്പോൾ.