തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4എംഎം വരെ മഴയാണ് പ്രവചിക്കുന്നത്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപം കൊള്ളുമെന്ന് കരുതുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച പാലക്കാട്, വയനാട് ജില്ലകൾ ഒഴികെയുള്ള പ്രദേശങ്ങളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115 എംഎം വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.