തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഒരു ദിവസം മുൻപ് കാലവർഷം കേരളത്തിലെത്തുമെന്നാണ് വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ജൂൺ 1 കേരളത്തിൽ കാലവർഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നുത്. തെക്ക് പടിഞ്ഞാറൻ മൺസൂൺ നാലുദിവസം മുൻപോട്ടോ പിൻപോട്ടോ ആവാമെന്ന് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വ്യക്തമാക്കി.

മെയ് 22ഓടെ തെക്ക് പടിഞ്ഞാറൻ മൺസൂൺ ആൻഡമാനിലെത്തും. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദമാക്കി. സാധാരണ കാലവർഷമാണ് ഈ വർഷം പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. നിലവിൽ അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മൺസൂണിന്റെ വരവിനെ സ്വാധീനിക്കുമോ എന്ന് വ്യക്തമല്ല.