കോഴിക്കോട്: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ. ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണോ സിപിഎം മനുഷ്യരാവണമെന്ന മുദ്രാവാക്യം ഉയർത്തുന്നതെന്ന് ഫേസ്‌ബുക്കിൽ മുനവ്വറലി തങ്ങൾ ചോദിക്കുന്നു. കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം.

ഈ അരുംകൊല രാഷ്ട്രീയം മാപ്പർഹിക്കാത്തതാണ്. കൊലപാതകം ആവർത്തിക്കില്ലെന്ന് തീരുമാനിക്കാൻ സിപിഎമ്മിന് എന്തുകൊണ്ട് കഴിയുന്നില്ല. ആശയങ്ങളോട് ഏറ്റുമുട്ടാൻ കഴിവില്ലാത്തവർ ആളുകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം സ്വീകരിക്കുകയാണെന്നും മുനവ്വറലി തങ്ങൾ വിമർശിക്കുന്നു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പാനൂരിൽ മൻസൂറിന്റെ കുടുംബത്ത സന്ദർശിച്ചു.

ഈ അറുംകൊല രാഷ്ട്രീയം മാപ്പർഹിക്കാത്തതാണ്. ആശയങ്ങളോട് ഏറ്റുമുട്ടാൻ കഴിവില്ലാത്തവർ ആളുകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം സ്വീകരിക്കുകയാണ്. ഒരാൾ മരിക്കുമ്പോൾ കൂടെ മരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം കൂടിയാണെന്ന് എന്തുകൊണ്ടാണ് അക്രമം രാഷ്ട്രീയ മാർഗമായി കൊണ്ടുനടക്കുന്നവർ മറന്നു പോവുന്നത്. ഇനിയും ഇതാവർത്തിക്കില്ല എന്ന് നിലപാടെടുക്കാൻ എന്തുകൊണ്ടാണ് സിപിഎം പോലൊരു കക്ഷിക്ക് കഴിയാതെ പോകുന്നത്. ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം നിഷേധിച്ചു കൊണ്ടാണോ മനുഷ്യരാവണം എന്ന മുദ്രാവാക്യം പ്രയോഗത്തിൽ വരുത്തേണ്ടത്..

കേസിലെ രണ്ടാം പ്രതിയുടെ ആത്മഹത്യ ഉൾപ്പെടെ ദുരൂഹതകൾ വർധിക്കുമ്പോൾ ഉന്നത തല അന്വേഷണം നടക്കണം,മൻസൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം.അതിനായി ജാഗ്രതയോടെ യുഡിഎഫ് നില കൊള്ളും !